ന്യൂഡൽഹി: വീണ്ടും വിമാനത്തിൽ അടുത്തിരുന്ന ആൾക്ക് മേൽ മൂത്രമൊഴിച്ച് സഹയാത്രികൻ. വെള്ളിയാഴ്ച രാത്രി പുറപ്പെട്ട ന്യൂയോർക്ക്- ന്യൂഡൽഹി അമേരിക്കൻ എയർലൈൻസ് വിമാനത്തിലാണ് സംഭവം. വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്തതിനു പിന്നാലെ സിഐഎസ്എഫ് ഇയാളെ കസ്റ്റഡിയിലെടുത്തു.
യു.എസ് സർവകലാശാലയിലെ വിദ്യാർഥിയാണ് പ്രതി. മദ്യപിച്ച് കിടന്ന വിദ്യാർഥി സഹയാത്രികന്റെ മേൽ മൂത്രമൊഴിക്കുകയും ഇക്കാര്യം ജീവനക്കാർ അറിയുകയും ബന്ധപ്പെട്ടവരെ വിവരമറിയിക്കുകയുമായിരുന്നു. ഇതിനിടെ, സംഭവം പ്രശ്നമായെന്ന് മനസിലായ വിദ്യാർഥി സഹ യാത്രികനോട് ക്ഷമാപണം നടത്തി.
ഇതോടെ, വിദ്യാർഥിയുടെ കരിയർ പ്രതിസന്ധിയിലാവുമെന്ന് കണ്ട് അദ്ദേഹം വിഷയം പൊലീസിൽ അറിയിക്കാൻ താൽപര്യം കാണിച്ചില്ലെന്ന് വിമാനത്താവള ജീവനക്കാരിൽ ഒരാൾ പറഞ്ഞു. എന്നാൽ, വിവരമറിഞ്ഞ ജീവനക്കാർ ഇക്കാര്യം ഗൗരവമായി എടുക്കുകയും ഡൽഹി വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളിൽ (എ.ടി.സി) റിപ്പോർട്ട് ചെയ്യുകയും ചെയ്തു.
വിമാനത്തിൽ നടന്ന സംഭവത്തെക്കുറിച്ച് ജീവനക്കാർ ആദ്യം പൈലറ്റിനെയാണ് അറിയിച്ചത്. അദ്ദേഹം എ.ടി.സിയെ അറിയിക്കുകയായിരുന്നു. തുടർന്ന് അവർ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ഡൽഹി വിമാനത്താവളത്തിൽ വച്ച് വിദ്യാർഥിയെ പിടികൂടുകയും പൊലീസിന് കൈമാറുകയും ചെയ്തു. ഉദ്യോഗസ്ഥർ ബന്ധപ്പെട്ടവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിവരികയാണെന്ന് വിമാനത്താവള ജീവനക്കാർ അറിയിച്ചു.
ന്യൂയോർക്കിൽ നിന്ന് വെള്ളിയാഴ്ച രാത്രി 9.16ന് പുറപ്പെട്ട വിമാനം 14 മണിക്കൂറും 26 മിനിറ്റും കഴിഞ്ഞ് ശനിയാഴ്ച രാത്രി 10.12നാണ് ഡൽഹി ഇന്ദിരാഗാന്ധി അന്തർദേശീയ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. സിവിൽ ഏവിയേഷൻ നിയമം അനുസരിച്ച്, ഒരു യാത്രക്കാരൻ മോശം പെരുമാറ്റത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ക്രിമിനൽ നിയമപ്രകാരമുള്ള നടപടിക്ക് പുറമെ, കുറ്റകൃത്യത്തിന്റെ തോത് അനുസരിച്ച് ഒരു നിശ്ചിത കാലയളവിലേക്ക് വിമാനത്തിൽ നിന്ന് വിലക്കുകയും ചെയ്യും.
നവംബർ 26ന്, ന്യൂയോർക്ക്- ഡൽഹി എയർ ഇന്ത്യ വിമാനത്തിൽ ശങ്കർ മിശ്ര എന്നയാൾ വയോധികയായ സഹയാത്രികയ്ക്കു മേൽ മദ്യപിച്ച് മൂത്രമൊഴിച്ചിരുന്നു. സംഭവം ഒരു മാസത്തിന് ശേഷമാണ് പുറത്തറിയുന്നത്. ഇതിനു ശേഷം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സംഭവം പൊലീസിനെ അറിയിക്കാതിരുന്ന എയര്‍ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു.ഡിസംബർ ആറിലെ പാരിസ്- ഡൽഹി എയർ ഇന്ത്യ വിമാനത്തിലും മദ്യപിച്ച യാത്രക്കാരൻ സഹയാത്രികയുടെ പുതപ്പിൽ മൂത്രമൊഴിച്ചിരുന്നു. യാത്രക്കാരിയുടെ പരാതിയിൽ യാത്രക്കാരനെ കസ്റ്റഡിയിൽ എടുത്തെങ്കിലും മാപ്പ് എഴുതി നൽകിയതിനാൽ തുടർനടപടികൾ അവസാനിപ്പിക്കുകയായിരുന്നു.