ചൈനയിൽ ഏവിയൻ ഇൻഫ്ലുവൻസ A(H3N8) വൈറസ് ബാധിച്ച് ഒരു സ്ത്രീ മരിച്ചു. ലോകത്ത് ആദ്യമായാണ് എ (എച്ച് 3 എൻ 8) വൈറസ് ബാധിച്ച് ഒരാൾ മരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. മാർച്ച് 27-നാണ് മരണം റിപ്പോർട്ട് ചെയ്യുന്നത്. ഏവിയൻ ഇൻഫ്ലുവൻസ എ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട മൂന്നാമത്തെ കേസാണിത്. മൂന്ന് കേസുകളും ചൈനയിൽ നിന്നാണ് റിപ്പോർട്ട് ചെയ്തതിട്ടുള്ളത്. ഈ വൈറസിന് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് എളുപ്പത്തിൽ പടരാനുള്ള കഴിവില്ല. എങ്കിൽപ്പോലും എ (എച്ച് 3 എൻ 8) വൈറസ് ബാധ കാരണം ലോകത്ത് ആദ്യമായി ഒരു മരണം സംഭവിച്ചു എന്നത് തെല്ലൊന്നുമല്ല ഭയപ്പെടുത്തുന്നത്.
56 കാരിയായ സ്ത്രീയെ കടുത്ത ന്യുമോണിയ ബാധിച്ചാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഏവിയൻ ഇൻഫ്ലുവൻസ വൈറസിന്റെ സാന്നിധ്യം ഇവരിൽ കണ്ടെത്തിയത്. കോഴിയുമായി നിരന്തരം സമ്പർക്കം പുലർത്തിയതിൽ നിന്നുമാണ് സ്ത്രീയ്‌ക്ക് അണുബാധയേറ്റതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. രോഗം ബാധിച്ച വ്യക്തിയുമായി അടുത്ത് ബന്ധപ്പെട്ടവരിൽ നടത്തിയ പരിശോധനയിൽ മറ്റ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. മൃഗങ്ങളുടെയും മനുഷ്യരുടെയും ജീവനെ ബാധിക്കുന്ന ഏവിയൻ ഇൻഫ്ലുവൻസ A(H3N8) വൈറസുകൾ പടരുന്നതുമായി ബന്ധപ്പെട്ടും അവയുടെ ജനിതക മാറ്റങ്ങളെപ്പറ്റിയും ആഗോളതലത്തിൽ നിരീക്ഷണം നടക്കണമെന്ന് ലോകാരോഗ്യ സംഘടന അടിവരയിട്ട് പറയുന്നു.
വടക്കേ അമേരിക്കയിലെ ജലപക്ഷികളിലാണ് ആദ്യമായി ഏവിയൻ ഇൻഫ്ലുവൻസ A(H3N8) വൈറസ് കണ്ടെത്തിയത്. 2002 മുതൽ H3N8 ലോകത്ത് പലയിടങ്ങളിലും മൃഗങ്ങളിൽ ഇവ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കുതിരകളിലും നായ്‌ക്കളിലും ഈ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. H3N8 വൈറസ് എന്നത് ഒരു തരം ഇൻഫ്ലുവൻസ വൈറസുകളുടെ ഒരു ഗ്രൂപ്പാണ്. ഇത് മൃഗങ്ങളിൽ സാധാരണയായി കാണപ്പെടുന്നു. ഇൻഫ്ലുവൻസ എ വൈറസുകൾ – എച്ച് 3 എൻ 8 – സാധാരണയായി പക്ഷികളിൽ കാണപ്പെടുന്ന ഉപവിഭാഗങ്ങളാണ്. ഇത് കോഴിയിറച്ചിയിലും കാട്ടുപക്ഷികളിലും ധാരളമായി കാണപ്പെടുന്നു. എന്നാൽ ഇവ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല.
അണുബാധയുടെ അപകടസാധ്യത കുറയ്‌ക്കുന്നതിന് ലോകാരോഗ്യ സംഘടന ചില മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. മൃഗങ്ങളുടെ മാർക്കറ്റുകൾ/ഫാമുകൾ, ലൈവ് പൗൾട്രി എന്നിവടങ്ങളിൽ സന്ദർശനം നടത്തുന്നത് കുറയ്‌ക്കുക. കോഴിയുടെയോ മറ്റ് പക്ഷികളുടെ കാഷ്ഠമായോ സ്ഥിരം സമ്പർക്കം പുലർത്തരുത്. ഇടയ്‌ക്കിടെ കൈ കഴുകുകയോ ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുകയോ ചെയ്യുക. മേൽപ്പറഞ്ഞ ഇടങ്ങളിൽ മാസ്കും കൈ ഉറകളും ധരിച്ച് മാത്രം ഇടപെടലുകൾ നടത്തുക. ചത്ത മൃഗങ്ങളുമായുള്ള സമ്പർക്കം പൊതുജനങ്ങൾ ഒഴിവാക്കുക എന്നിങ്ങനെയുള്ള മാർഗ നിർദ്ദേശങ്ങളാണ് ലോകാരോഗ്യ സംഘടന പുറത്തിറക്കിയിട്ടുള്ളത്.