അമൃത്‌സർ: ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ് പഞ്ചാബിലെ മോഗയിൽ കീഴടങ്ങി. അമൃത്പാലിനെ മോഗ പൊലീസ് അറസ്റ്റ് ചെയ്തതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഇന്നു പുലർച്ചെയോടെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്നാണ് വിവരം. അമൃത്പാലിനെ അസമിലെ ദിബ്രുഗഡിലേക്ക് മാറ്റിയേക്കും.
‘വാരിസ് പഞ്ചാബ് ദേ’ തലവനായ അമൃത്പാൽ മാർച്ച് 18നാണ് ഒളിവിൽ പോയത്. പൊലീസ് വ്യപകമായി തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. അമൃത്പാൽ വിദേശത്തേക്ക് കടന്നു എന്നും സൂചനകളുണ്ടായിരുന്നു. പല സ്ഥലങ്ങളിലായി വിവിധ വേഷങ്ങളിൽ അമൃത്പാലിനെ കണ്ടതായി പഞ്ചാബ് പൊലീസ് അറിയിച്ചിരുന്നെങ്കിലും പിടിക്കൂടാൻ കഴിഞ്ഞിരുന്നില്ല. സിഖ് വിശ്വാസികളുടെ യോഗം ചേരാൻ ഉന്നത സിഖ് സംഘടനയായ അകാൽ തഖ്ത് മേധാവികളോട് ആവശ്യപ്പെട്ടുള്ള അമൃത്പാലിന്റെ വിഡിയോ സന്ദേശങ്ങളും പുറത്തുവന്നിരുന്നു.
പൊലീസ് പിടിയിലായ അനുയായികളെ മോചിപ്പിക്കാൻ അജ്നാല പൊലീസ് സ്റ്റേഷൻ ആക്രമിച്ചതടക്കം നിരവധി കേസുകൾ അമൃത്പാൽ സിങ്ങിന്റെ പേരിലുണ്ട്. ഫെബ്രുവരി 24നാണ് അമൃത്പാലും കൂട്ടാളികളും പൊലീസ് സ്റ്റേഷൻ ആക്രമിച്ചത്. തുടർന്ന് വധശ്രമം, പൊലീസുകാരെ കൈയേറ്റം ചെയ്യൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തു. ഫെബ്രുവരി 16ന് ഒരാളെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലും അമൃത്പാല്‍ പ്രതിയാണ്.
അമൃത്പാലിന്റെ അടുത്ത സഹായിയും ഉപദേശകൻ കൂടിയായ പപൽപ്രീത് സിങ്ങിനെ അടുത്തിടെ അമൃത്‌സറിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.