റിയാദ്: സുഡാനിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുടെ എണ്ണം രണ്ടായിരത്തി ഒരുന്നൂറ് പിന്നിട്ടു. സൗദി നേതൃത്വത്തിൽ ഒഴിപ്പിച്ച വിദേശികളുടെ എണ്ണം അയ്യായിരവും കടന്നിട്ടുണ്ട്. സുഡാനിൽ നേരിട്ട് വ്യോമസേനാ വിമാനങ്ങൾക്ക് ഇറങ്ങാൻ സാധിച്ചതോടെയാണ് രക്ഷാപ്രവർത്തനം വേഗത്തിലായത്.
ഇന്ന് വ്യോമസേനയുടെ സി 130 വിമാനത്തില്‍ സുഡാനില്‍നിന്ന് 135 പേര്‍ കൂടി ജിദ്ദയിലെത്തിയതോടെ ഇതുവരെ ഒഴിപ്പിച്ച ആകെ ഇന്ത്യക്കാരുടെ എണ്ണം 2100 ആയി.
ജിദ്ദയില്‍നിന്ന് വിമാനത്തില്‍ ന്യൂഡല്‍ഹിയില്‍ 231 ഇന്ത്യക്കാരാണ് എത്തിയത്. ഇതോടെ നാട്ടിലെത്തിയവരുടെ എണ്ണം 1600 ഉം ആയി. ബാക്കിയുള്ളവരെ ഉടന്‍ എത്തിക്കാനുള്ള പരിശ്രമം നടക്കുന്നതായി കേന്ദ്ര മന്ത്രി വി. മുരളീധരന്‍ അറിയിച്ചു.
300 പേരുമായി ഇന്ത്യന്‍ കപ്പല്‍ ജിദ്ദയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇവര്‍ കൂടി എത്തുന്നതോടെ ജിദ്ദയിലെത്തുന്നവരുടെ എണ്ണം 2400 ആകും. ജിദ്ദയില്‍നിന്ന് ഡല്‍ഹിയിലേക്ക് ഇന്‍ഡിഗോ വിമാനത്തിലാണ് യാത്രക്കാരെ കൊണ്ടുപോയത്. സൗദി നേതൃത്വത്തിലുളള രക്ഷാ പ്രവർത്തനത്തിനും വേഗം വർധിച്ചു. ഇന്ന് ഒരു കപ്പലിൽ മാത്രം ആയിരത്തി എണ്ണൂറോളം പേരെ സൗദി ജിദ്ദയിലെത്തിച്ചിട്ടുണ്ട്. വെടിനിർത്തൽ ചില ഭാഗങ്ങളിൽ ഗുണം ചെയ്തിട്ടുണ്ട്. വരും ദിനങ്ങളിൽ ഇതോടെ കൂടുതൽ പേർക്ക് സൗദി വഴി നാട്ടിലേക്ക് തിരിക്കാൻ അവസരമൊരുങ്ങിയേക്കും.