പാലക്കാട്: പട്ടാമ്പി കോളേജിൽ എസ്എഫ്‌ഐ റാഗിംഗ് ചെയ്ത് ആക്രമണം നടത്തുവെന്ന പരാതിയുമായി വിദ്യാർത്ഥികൾ. പാലക്കാട് പട്ടാമ്പി സംസ്‌കൃത കോളേജിലുള്ള ഒന്നാം വർഷ വിദ്യാർത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. ബിഎ സംസ്‌കൃതം, മലയാളം വിദ്യാർത്ഥികളായ റഷീംദ്, സഫ്‌വാൻ എന്നിവരെ എസ്എഫ്‌ഐ പ്രവർത്തകരായ വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ചു. സംഭവത്തിൽ എസ്എഫ്‌ഐ പ്രവർത്തകരായ സീനിയർ വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്.
എന്നാൽ പോലീസിലും അദ്ധ്യാപകർക്കും പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു. കൂടാതെ കലാലയത്തിലെ ഭരണം നഷ്ടമായത് മുതൽ എസ്എഫ്‌ഐ നിരന്തരം ആക്രമണം അഴിച്ചുവിടുന്നുവെന്നും വിദ്യാർത്ഥികൾ വെളിപ്പെടുത്തി. എസ്എഫ്‌ഐയ്‌ക്കെതിരെ പരാതിപ്പെടാൻ പലർക്കും ഭയമാണെന്നും ഗുണ്ടകളെ പോലെയാണ് ഇവർ പെരുമാറുന്നതെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
എസ്എഫ്‌ഐ പ്രവർത്തകർ അടക്കമുള്ള സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനത്തിന് ഇരയായാണ് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥ് മരിച്ചത്. 130 വിദ്യാർത്ഥികളുടെ മുമ്പിൽ വിവസ്ത്രനാക്കി നിർത്തി ആൾക്കൂട്ട വിചാരണ നടത്തിയെന്നും ഇരുമ്പ് വടി ഉപയോഗിച്ചും ബെൽറ്റ് ഉപയോഗിച്ചും മർദ്ദിച്ചുവെന്നും ആന്റി-റാഗിംഗ് സ്‌ക്വാഡ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. സിദ്ധാർത്ഥിന്റെ മരണത്തോടെ ഇപ്പോൾ മറ്റു കോളേജുകളിലെ എസ്എഫ്‌ഐ പ്രവർത്തകരുടെ ക്രൂരതകളും പുറത്തു വരികയാണ്.