താനൂരില്‍ അപകടത്തില്‍പ്പെട്ട ബോട്ടില്‍ കയറാന്‍ 39 പേര്‍ ടിക്കറ്റെടുത്തിരുന്നെന്ന് അധികൃതര്‍. കുട്ടികള്‍ ഉള്‍പ്പെടെ ടിക്കറ്റെടുക്കാത്തവരും ബോട്ടിലുണ്ടായിരുന്നു. കോട്ടയ്ക്കല്‍ മിംസ് ആശുപത്രിയില്‍ നാല് കുട്ടികളുടെ നില അതീവ ഗുരുതരമാണ്. കുട്ടികള്‍ക്ക് ടിക്കറ്റ് നല്‍കാത്തതിനാല്‍ എത്ര കുട്ടികള്‍ ബോട്ടിലുണ്ടായിരുന്നു എന്നതില്‍ വ്യക്തതയില്ല.
അപകടത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി. മരിച്ചവരില്‍ ജെല്‍സിയ ജാബിര്‍, സഫ്‌ല (7), ഹസ്‌ന(18), അഫ്‌ലാഹ്(7), ഫൈസന്‍(3), റസീന, അന്‍ഷിദ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ആദ്യം ഒരു വശത്തേക്ക് മറിഞ്ഞ ബോട്ട് അല്‍പസമയം കൊണ്ട് തന്നെ പൂര്‍ണമായും തലകീഴായി മുങ്ങുകയായിരുന്നു. ചളിയിലേക്കാണ് ബോട്ട് മുങ്ങിയത്. നിലവില്‍ ബോട്ട് ജെസിബി ഉപയോഗിച്ച് വെട്ടിപ്പൊളിക്കാനാണ് ശ്രമം നടക്കുന്നത്. അപകടത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി. അഞ്ച് പേരെ നിലവില്‍ കണ്ടെത്താനാണ് ശ്രമം. മരിച്ചവരില്‍ അധികവും കുട്ടികളാണ്. 40ലധികം പേരാണ് ബോട്ടിലുണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ കേന്ദ്രസര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ സംസ്ഥാനത്ത് ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് മെയ് 8 ന് നടത്താനിരുന്ന താലൂക്കുതല അദാലത്തുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഔദ്യോഗിക പരിപാടികളും മാറ്റി വെച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ രാവിലെ താനൂര്‍ ബോട്ടപകടം നടന്ന സ്ഥലത്തേക്ക് തിരിക്കും.