കര്‍ണാടകയില്‍ മുഖ്യമന്ത്രി ആരെന്നുള്ള കോണ്‍ഗ്രസ് തീരുമാനം നീളുന്നതിനിടെ കര്‍ണാടകയിലെ പ്രബല കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് പാര്‍ട്ടി നേതൃത്വം. ഡല്‍ഹിയിലെത്താന്‍ തനിക്ക് ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞാണ് ഡി കെ ശിവകുമാര്‍ തന്റെ ഡല്‍ഹി യാത്ര നാടകീയമായി റദ്ദാക്കിയിരുന്നത്. ഡി കെ ശിവകുമാറുമായി സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ച നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യനില മെച്ചപ്പെട്ടാല്‍ ഡല്‍ഹിയിലെത്തുമെന്നാണ് ഡി കെ ശിവകുമാര്‍ പറയുന്നത്. (Congress high command called D K Shivakumar to delhi)
കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള തര്‍ക്കത്തില്‍ ചര്‍ച്ചകള്‍ക്കായി വൈകിട്ട് ഡല്‍ഹിയിലേക്ക് പോകുമെന്ന് പറഞ്ഞ ഡി കെ, മണിക്കൂറുകള്‍ക്കുള്ളിലാണ് തീരുമാനം മാറ്റിയത്. ആരോഗ്യസ്ഥിതി മോശമെന്ന് ഡി കെ ശിവകുമാര്‍ പറഞ്ഞു. ഇന്ന് എന്തായാലും ഡല്‍ഹിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വയറില്‍ അണുബാധയുണ്ടെന്നാണ് ഇതിന് കാരണമായി അദ്ദേഹം പറഞ്ഞത്. കൂടുതല്‍ സമ്മര്‍ദത്തിന്റെ ഭാഗമായുള്ള നീക്കമാണോ ഡി കെയുടേതെന്ന സംശയമാണ് ഇതിന് പിന്നാലെ ഉയരുന്നത്.
അതിനിടെ മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് നേതാക്കളുമായി പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. എഐസിസി നിരീക്ഷകരുമായി എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ കൂടിയാലോചന നടത്തി.
സിദ്ധരാമയ്യ മുഖ്യമന്ത്രിയാകാന്‍ നിലവില്‍ 85 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് നിരീക്ഷകര്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചത്. കര്‍ണാടകയിലെ കരുത്തനായ മറ്റൊരു നേതാവായ ഡി കെ ശിവകുമാറിന് 45 പേരുടെ പിന്തുണയുണ്ടെന്നും നിരീക്ഷകര്‍ അറിയിച്ചു. സാഹചര്യങ്ങള്‍ വിലയിരുത്തി മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് എഐസിസി നിരീക്ഷകര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.