കൈറോ:ഗസ്സയിൽ വെടിനിർത്തലുമായി ബന്ധപ്പെട്ട് മധ്യസ്ഥ ചർച്ചകൾ ഇന്ന് ഈജിപ്തിലെ കൈറോയിൽ നടക്കും. ഹമാസ്, ഇസ്രായേൽ പ്രതിനിധികൾ ചർച്ചയ്‌ക്കെത്തുമെന്ന് ഈജിപ്ത് അറിയിച്ചു. പാരിസിലെയും ഖത്തറിലേയും ചർച്ചയ്ക്ക് പിന്നാലെ കൈറോയിൽ വെടിനിർത്തൽ ചർച്ച തുടരാനാണ് നീക്കം. ആറാഴ്ചത്തേക്കുള്ള വെടിനിർത്തലിനും ബന്ദിക്കൈമാറ്റവുമാണ് പ്രതീക്ഷിക്കുന്നത്. ഭക്ഷണത്തിനായി കാത്തുനിന്നവർക്കുനേരെ ഇസ്രായേൽ നടത്തിയ കൂട്ടക്കൊലയ്ക്ക് പിന്നാലെ ഇനി ചർച്ചയ്ക്കില്ലെന്നായിരുന്നു ഹമാസ് അറിയിച്ചത്. എന്നാൽ ഹമാസിന്റേയും ഇസ്രായേലിന്റേയും പ്രതിനിധികളുമായി ചർച്ച ചെയ്യുമെന്ന് ഈജിപ്ത് അറിയിച്ചു.
അതേസമയം, ബന്ദികളെ കുറിച്ചുള്ള വിവരം കൈമാറാതെ ഇസ്രായേൽ പ്രതിനിധിയെ ചർച്ചയ്ക്ക് അയക്കരുതെന്നും യുദ്ധകാര്യ മന്ത്രിസഭയിൽ ആവശ്യമുയരുന്നുണ്ട്. അതിനിടെ, റഫയിലും ഗസ്സ സിറ്റിയിലും ഇന്ന് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. വടക്കൻ ഗസ്സയിൽ നിർജലീകരണവും പോഷകാഹാരക്കുറവും കാരണം രണ്ട് കുട്ടികൾ കൂടി മരിച്ചു.
ഗസ്സയിൽ അവശ്യവസ്തുക്കൾ യുഎസ് എയർഡ്രോപ് ചെയ്‌തെതിന് പിന്നാലെ കര, കടൽ മാർഗവും അവശ്യവസ്തുക്കൾ എത്തിക്കണമെന്ന് സെനറ്റ് അംഗം ജെഫ് മെർക്ലി ആവശ്യപ്പെട്ടു. ഇസ്രായേലിനുള്ള ധനസഹായം യുഎസ് നിർത്തണമെന്ന് സെനറ്റ് അംഗം ബെർണി സാൻഡേഴ്സ് ആവശ്യപ്പെട്ടു. ഇസ്രായേൽ വംശഹത്യ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഷിക്കാഗോയിലെ ഇസ്രായേൽ കോൺസുലേറ്റിലും ന്യൂയോർക്ക്, ടോക്കിയോ ഉൾപ്പടെയുള്ള നഗരങ്ങളിലും പ്രതിഷേധമിരമ്പി.
ചെങ്കടലിൽ ഹൂതി ആക്രമണത്തിൽ ബ്രിട്ടിഷ് കപ്പലായ റൂബിമർ മുങ്ങി. കപ്പലിലെ അമോണിയം ഫോസ്‌ഫേറ്റ് സൾഫേറ്റ് ഗുരുതര പാരിസ്ഥിതിക പ്രശ്‌നമുണ്ടാക്കുമെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. വെസ്റ്റ് ബാങ്കിൽ മുതിർന്ന ഹമാസ് നേതാവ് കൈസ് അൽ സഅദിക്ക് വെടിയേറ്റെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. ജെനിനിൽ ആക്രമണവും കൂട്ട അറസ്റ്റും തുടരുകയാണ്.
അതേസമയം, ബന്ദിമോചനം ആവശ്യപ്പെട്ട് ഇസ്രായേൽ ഭരണകൂട വിരുദ്ധർ തെൽ അവീവിൽ നടത്തിയ പ്രതിഷേധത്തിൽ ഏഴ് പേർ അറസ്റ്റിലായി.