Saturday, January 18, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഒന്നാം തീയതി ശമ്പളവും ജീവനക്കാര്‍ക്ക് പിച്ചച്ചട്ടിയും; രൂക്ഷ വിമർശനവുമായി കെ. സുധാകരന്‍

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഒന്നാം തീയതി ശമ്പളവും ജീവനക്കാര്‍ക്ക് പിച്ചച്ചട്ടിയും; രൂക്ഷ വിമർശനവുമായി കെ. സുധാകരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഒന്നാം തീയതി തന്നെ ശമ്പളം നല്‍കുമ്പോള്‍ സംസ്ഥാനത്തെ അധ്യാപകരെയും ജീവനക്കാരെയും പെന്‍ഷന്‍കാരെയും പിച്ചച്ചട്ടിയെടുക്കേണ്ട ഗതികേടിലെത്തിച്ചത് പിണറായി സര്‍ക്കാരിന്റെ കഴിവുകേടും കെടുകാര്യസ്ഥതയും മൂലമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി.

യാതൊരു തത്വദീക്ഷയും ഇല്ലാതെ ഖജനാവിലെ പണം ധൂര്‍ത്തടിച്ചതിന്റെ പരിണിതഫലമാണ് ഇപ്പോഴുണ്ടായ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. ആറു മാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശ്ശികയാണ്. പന്ത്രണ്ട് ലക്ഷത്തോളം വരുന്ന അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ശമ്പളം നല്‍കാന്‍ കഴിയുന്നില്ല. ആറര ലക്ഷം വരുന്ന പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷന്‍ മുടങ്ങി. സര്‍ക്കാരാണ് ഇതിനെല്ലാം ഉത്തരവാദിയെന്നും സുധാകരൻ വ്യക്തമാക്കി.

ജീവനക്കാരും അധ്യാപകരും പെന്‍ഷന്‍കാരും അവരുടെ ആശ്രിതരും അടക്കം 50 ലക്ഷത്തോളം പേരെയാണ് ഇത് പ്രത്യക്ഷത്തില്‍ ബാധിക്കുന്നത്. ശമ്പളവും പെന്‍ഷനുമായി വിതരണം ചെയ്യുന്ന പണമാണ് പൊതു വിപണിയെ ചലനാത്മകമാക്കുന്നത്. ഇത് യഥാസമയം നല്‍കാന്‍ കഴിയാത്തതിനാല്‍ വിപണിയില്‍ രൂക്ഷമായ പ്രതിസന്ധി ഉണ്ടാക്കും. ശമ്പളത്തിന്റെയും പെന്‍ഷന്റെയും ഭൂരിപക്ഷവും സര്‍ക്കാര്‍ ജീവനക്കാര്‍ ചെലവഴിക്കുന്നത് സമ്പാദ്യത്തിനല്ല, മറിച്ച് നിത്യനിദാന ചെലവുകള്‍ നടത്തിക്കൊണ്ടു പോകാനാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി പെന്‍ഷന്‍കാര്‍ക്ക് മരുന്നും ചികിത്സയും നിഷേധിക്കപ്പെടുന്ന സാഹചര്യത്തിന് ഇടയാക്കി. പരീക്ഷ ആരംഭിക്കാനിരിക്കുന്ന ഈ സമയത്ത് അധ്യാപക സമൂഹത്തോടുള്ള കടുത്ത അനീതിയാണ് ശമ്പളം നല്‍കാത്തത്. അതി രൂക്ഷമായ വിലക്കയറ്റം നിലനില്‍ക്കുന്ന സംസ്ഥാനത്ത് വൈദ്യുതി കരവും വെള്ളക്കരവും ബസ് ചാര്‍ജും നിരവധി വട്ടം കുത്തനെ വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ശമ്പളവും പെന്‍ഷനും മുടങ്ങുന്നത് സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടേയും ദുരിതം ഇരട്ടിയാക്കും. ഡി.എ കുടിശ്ശികയും ശമ്പളപരിഷ്‌ക്കരണ കുടിശ്ശികയും വിതരണം ചെയ്യുന്നതിലും ഗുരുതര വീഴ്ചയാണ് സര്‍ക്കാരിന്റെ ഭാഗത്തുള്ളത്. കഴിഞ്ഞ എട്ടു വര്‍ഷക്കാലമായി എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ടവരെന്ന നിലയില്‍ വായ്പ എടുത്തു മുന്നോട്ടു പോവുകയാണ് ഭൂരിപക്ഷം ജീവനക്കാരെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

ഒരു ലക്ഷത്തോളം വരുന്ന ക്ലാസ് ഫോര്‍ ജീവനക്കാര്‍ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ നട്ടം തിരിയുകയാണ്. ഈ ശമ്പള വിതരണം മുടങ്ങിയത് ആശുപത്രികളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കും. ക്രമസമാധാന പാലനത്തിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൃത്യനിര്‍വഹണം നടത്തുന്നതിന് പ്രതികൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കും. ഈ അസന്തുലിതാവസ്ഥ സംസ്ഥാനത്തെ സിവില്‍ സര്‍വീസിനെ സാരമായി ബാധിക്കും. അധ്യാപകരെയും ജീവനക്കാരെയും സര്‍ക്കാര്‍ അവസരം കിട്ടുന്നിടത്തൊക്കെ അവഹേളിക്കുകയാണ്. ഭരണവിരുദ്ധ വികാരം ഇവരുടെ തലയില്‍ കെട്ടിവച്ച് തടിയൂരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധി കാരണം പി.എസ്.സി വഴി നിയമനങ്ങള്‍ നടക്കുന്നില്ല. പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സ് സെക്രട്ടേറിയേറ്റിനു മുന്നില്‍ തലമുണ്ഡനം ചെയ്തും ആത്മഹത്യക്ക് ഒരുങ്ങിയും മുട്ടിലിഴഞ്ഞും സമരം ചെയ്യുകയാണ്. ഇതൊന്നും കാണാതെ കേരളീയം, നവകേരള സദസ്സ്, മുഖാമുഖം തുടങ്ങിയ പി.ആര്‍ വര്‍ക്കുകള്‍ക്കായി കോടികളാണ് സര്‍ക്കാര്‍ പൊടിക്കുന്നത്. മന്ത്രി മന്ദിരം മോടി കൂട്ടാന്‍ കോടികള്‍ ചെലവാക്കുന്നതിന് പുറമെ സര്‍ക്കാരിന്റെ മുഖം മിനുക്കാനും അഴിമതിനടത്താനും ധൂര്‍ത്തിനും ആര്‍ഭാടത്തിനും ഖജനാവിലെ പണം കടത്തിക്കൊണ്ടു പോവുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും കെ. സുധാകരന്‍ ആവശ്യപ്പെട്ടു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com