വയനാട്: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ നിർണായക തെളിവുകൾ കണ്ടെത്തി. കേസിലെ മുഖ്യ പ്രതിയായ സിൻജോ ജോൺസണിനെ കോളേജ് ക്യാമ്പസിലെ ഹോസ്റ്റല്‍ മുറിയിലെത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് നിർണായക തെളിവുകൾ കണ്ടെത്തിയത്. സിദ്ധാർത്ഥിനെ മർദ്ദിക്കാൻ ഉപയോഗിച്ച ആയുധങ്ങളുൾപ്പെടെ അന്വേഷണ സംഘം കണ്ടെത്തി.
മർദ്ദിക്കാൻ ഉപയോഗിച്ച ഒയർ, ചെരുപ്പ് എന്നിവയും പോലീസ് കണ്ടെടുത്തു. ഹോസ്റ്റലിലെ 21-ാം നമ്പര്‍ മുറിയിലും നടുത്തളത്തിലും ഉള്‍പ്പെടെയാണ് തെളിവെടുപ്പ് നടന്നത്. ഇവിടെ വച്ചായിരുന്നു സിദ്ധാർത്ഥിന് ക്രൂര മർദ്ദനമുണ്ടായത്. ആക്രമത്തിന് ഉപയോഗിച്ച എല്ലാ ആയുധങ്ങളും പോലീസ് ഹോസ്റ്റൽ മുറിയിൽ നിന്നും കണ്ടെടുത്തു.
സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പ്രതികൾക്കെതിരെ ഗുരുതര ആരോപണങ്ങളാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ക്യാമ്പസിലെ നാലോളം ഇടങ്ങളിൽ സിദ്ധാർത്ഥിനെ എത്തിച്ചായിരുന്നു മർദ്ദനം. ഹോസ്റ്റലിലെ 21-ാം നമ്പർ മുറിയിൽ വച്ച് സമാനതകളില്ലാത്ത മർദ്ദനത്തിനാണ് സിദ്ധാർത്ഥ് ഇരയായത്. ദിവസങ്ങളോളം മർദ്ദിച്ചുവെന്നും മരണത്തിലേക്ക് പ്രതികൾ കാര്യങ്ങൾ എത്തിച്ചുവെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. പ്രതികൾക്ക് ജാമ്യം നൽകരുതെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.