Sunday, January 12, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയും കാന്തപുരം എ.പി.അബൂബക്കർ...

ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയും കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാരും കൂടിക്കാഴ്ച നടത്തി

കോഴിക്കോട് : ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയും കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാരും  കൂടിക്കാഴ്ച നടത്തി. കാരന്തൂർ മർകസിൽ നടന്ന കൂടിക്കാഴ്ചയിൽ നിലവിലെ സാമൂഹ്യ സാഹചര്യത്തെയും, ഇരു സമുദായങ്ങൾക്കിടയിൽ ശക്തിപ്പെടേണ്ട സൗഹാർദത്തെയും കുറിച്ച് ഇരുവരും സംസാരിച്ചു. 

‘‘അടുത്തിടെയായി ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ അസ്വസ്ഥതയുണ്ടാക്കാൻ ചിലർ നടത്തുന്ന ശ്രമങ്ങളെ തടയിടാൻ എല്ലാവരും രംഗത്തിറങ്ങണം. പലപ്പോഴും പരസ്പരം തെറ്റിദ്ധരിപ്പിച്ച് തമ്മിലടിപ്പിക്കാനാണ് ശ്രമങ്ങളുണ്ടാവുന്നത്. സമൂഹമാധ്യമങ്ങളിലും മറ്റും ഇതിനായി നിരന്തര ശ്രമങ്ങൾ ഉണ്ടാകുന്നു. ഇത് തിരിച്ചറിഞ്ഞ് സാമുദായിക ഐക്യത്തിനും നാടിന്റെ സ്വസ്ഥതയ്ക്കും വേണ്ടി എല്ലാവരും ശ്രമിക്കണം,

മതങ്ങളും സമുദായങ്ങളും തമ്മിൽ പരസ്പരം അറിയാൻ സംവിധാനങ്ങളില്ലെന്നത് തെറ്റിദ്ധാരണകൾക്ക് കാരണമാകുന്നു. ഇതാണ് തത്പര കക്ഷികൾ മുതലെടുക്കുന്നത്. അതിനാൽ പരസ്പരം അറിയാനും സന്ദേശങ്ങൾ കൈമാറാനുമുള്ള വേദികൾ ഒരുക്കുന്നതിന് ഇരു സമുദായങ്ങൾക്കുമിടയിൽ സംവിധാനമുണ്ടാക്കും. 

സമൂഹത്തിൽ മദ്യത്തിന്റെയും ലഹരിയുടെയും ലഹരിമരുന്നിന്റെയും ഉപയോഗം വ്യാപകമാവുന്നുണ്ട്. സമീപകാലത്ത് കേരളത്തെ ഞെട്ടിച്ച കൊലപാതകങ്ങളുടെയെല്ലാം പ്രധാനപ്രേരകം ലഹരിയാണ്. വിദ്യാർഥികൾ പോലും മാരക ലഹരികൾക്ക് അടിമപ്പെടുന്നു. ലഹരിയുടെ പ്രത്യാഘാതങ്ങളെ കുറിച്ച് ജനങ്ങളെയും വിദ്യാർഥികളെയും ബോധവത്കരിക്കാൻ സംവിധാനങ്ങളുണ്ടാക്കും. 

ഉന്നത വിഭ്യാഭ്യാസ മേഖലയിൽ ഇരു സമുദായങ്ങൾക്കുമുള്ള സംവിധാനങ്ങൾ പരസ്പരം ഉപയോഗപ്പെടുത്തുന്നതിനും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും സാധാരണക്കാർക്കും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനും യോജിച്ച് പ്രവർത്തിക്കും. നാടിന്റെയും സമൂഹത്തിന്റെയും, പുരോഗതിക്ക് ആവശ്യമായ മേഖലകളിൽ ഒരുമിച്ചു പ്രവർത്തിക്കാനുള്ള ഇടങ്ങൾ കണ്ടെത്തും.’’ – ഇരുവരും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

വർഗീയതയ്‌ക്കെതിരെ ഒന്നിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും തീവ്രവാദത്തിനെതിരെ കാന്തപുരം സ്വീകരിച്ച നിലപാടുകൾ പ്രശംസിക്കപ്പെടേണ്ടതാണെന്നും കാതോലിക്കാ ബാവാ പറഞ്ഞു. ന്യൂനപക്ഷങ്ങൾടയിൽ ധ്രുവീകരണമുണ്ടാക്കുന്ന പ്രവണതയ്‌ക്കെതിരെ കാതോലിക്കാ ബാവാ നടത്തിയ ഇടപെടലുകൾ ഏറെ ഗുണം ചെയ്‌തെന്ന് കാന്തപുരം അഭിപ്രായപ്പെട്ടു. സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി ഡോ. എ.പി.അബ്ദുൽ ഹകീം അസ്ഹരി, മർകസ് പ്രോ ചാൻസലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, ജിതിൻ മാത്യു ഫിലിപ്പ് തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com