ഇന്ത്യൻ റെസ്ലിംഗ് ഫെഡറേഷൻ തലവൻ ബ്രിജ്ഭൂഷൺ ശരൺ സിംഗിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിന് പിന്തുണയുമായി മുൻ ഇന്ത്യൻ ഫുട്ബോൾ താരം സി.കെ വിനീത്. അന്താരാഷ്‌ട്ര വേദികളിൽ അഭിമാനപൂർവം ദേശീയ പതാക വീശിയ ഇന്ത്യയുടെ പുത്രിമാരെ ഇപ്പോൾ അതേ പതാകയുമായി തെരുവിൽ വലിച്ചിഴക്കപ്പെടുകയാണെന്ന് താരം പറഞ്ഞു.
“ഇത് അവസാനിക്കുമെന്ന് കരുതി ഞാൻ ഒരുപാട് ദിവസം ഒരു കാഴ്ചക്കാരനായി നോക്കി നിന്നു. എന്നാൽ ഇന്നത്തെ ചിത്രം എൻ്റെ ഉള്ളിൽ കൊണ്ടു. അന്താരാഷ്‌ട്ര വേദികളിൽ അഭിമാനത്തോടെ നമ്മുടെ പതാക വീശിയ ഇന്ത്യയുടെ വീര പുത്രിമാരാണിവർ, എന്നാൽ ഇപ്പോൾ അതേ പതാകയുമായി അവർ തെരുവിലൂടെ വലിച്ചിഴക്കപ്പെടുന്നു..” – ശക്തമായ ഭാഷയിൽ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഗുസ്തി താരങ്ങളുടെ ആരോപണം ക്രിമിനൽ പശ്ചാത്തലമുള്ള ഒരു മനുഷ്യനെതിരെയാണ്. അദ്ദേഹം ഭരണകക്ഷിയിലെ ഒരു എംപിയായതിനാൽ അധികാരവുമുണ്ട്. കുറ്റാരോപിതർക്കെതിരെ നടപടിയെടുക്കുന്നതിന് പകര പ്രതിഷേധങ്ങളെ ബലമായി നിശബ്ദരാക്കുകയും അവരെ വേദനിപ്പിക്കുകയും ഒപ്പം നിൽക്കുന്നവരെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നതാണോ നിങ്ങൾ കാണുന്ന പരിഹാരം?
ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മൾ എങ്ങനെയാണ് ഈ അവസ്ഥയിൽ എത്തിയത്? ഇതാണോ നമുക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഇന്ത്യ? നമ്മുടെ എല്ലാവരുടെയും മേലാണ് ഈ നാണക്കേട് – വിനീത് തുടർന്നു. ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ പ്രതിഷേധിക്കുന്ന ഗുസ്തിക്കാർക്കെതിരായ പൊലീസ് ക്രൂരതയെ അപലപിച്ചുകൊണ്ട് പരസ്യമായി അഭിപ്രായപ്രകടനം നടത്തിയ ഒരേയൊരു ഇന്ത്യൻ ഫുട്ബോൾ കളിക്കാരനാണ് വിനീത്.