മോസ്‌കോ: തലസ്ഥാനമായ മോസ്‌കോയിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ഡ്രോൺ അക്രമണത്തിന് പിന്നിൽ യുക്രൈനെന്ന് റഷ്യ. ചുരുങ്ങിയത് എട്ട് ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു യുക്രൈന്റെ ഭീകരാക്രമണമെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം ആരോപിച്ചു. ആക്രമണത്തിൽ ആർക്കും സാരമായി പരിക്കേറ്റിട്ടില്ലെന്നും ഏതാനും കെട്ടിടങ്ങൾക്ക് ചില്ലറ നാശനഷ്ടങ്ങളുണ്ടായെന്നും റഷ്യൻ മേയർ സെർജി സൊബ്യാനിൻ പറഞ്ഞു.
അതേസമയം, ആരോപണം യുക്രൈൻ നിഷേധിച്ചു. ആക്രമണത്തിൽ യുക്രൈൻ നേരിട്ട് പങ്കെടുത്തിട്ടില്ലെന്നും എന്നാൽ ഇത്തരം സംഭവങ്ങൾ വർധിച്ചു വരുന്നത് ആസ്വദിച്ചു കണ്ടിരിക്കുകയാണെന്നും റഷ്യൻ പ്രസിഡണ്ടിന്റെ ഉപദേഷ്ടാവ് മിഖായിലോ പൊദോല്യാക് പറഞ്ഞു.
എല്ലാ ഡ്രോണുകളും തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. മുപ്പത് ഡ്രോണുകൾ ഈ ആക്രമണത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് നേരത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അവയിൽ പലതും തകർന്നതിന് ശേഷം കെട്ടിടങ്ങൾക്ക് മുകളിൽ വീണതായും അധികൃതർ പറയുന്നു.
ആക്രമണം റിപ്പോർട്ട് ചെയ്ത ചിലയിടങ്ങളിൽ നിന്ന് താമസക്കാരെ ഒഴിപ്പിക്കേണ്ടി വന്നതായി സൊബ്യാനിൻ പറഞ്ഞു. എന്നാൽ പിന്നീട് ഇവരെ വീടുകളിലേക്ക് തിരിച്ചു പോകാൻ അനുവദിച്ചു. രണ്ടു പേർക്ക് വൈദ്യസഹായവും നൽകി- അദ്ദേഹം പറഞ്ഞു.
യുക്രൈൻ തലസ്ഥാനമായ കിയവിലെ റഷ്യൻ ആക്രമണത്തിന് പിന്നാലെയാണ് മോസ്‌കോയിലെ ഡ്രോൺ ആക്രമണം. കിയവിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. ഇരുപതിൽ കൂടുതൽ ഡ്രോണുകൾ തകർത്തുവെന്നും ഇതിന്റെ അവശിഷ്ടങ്ങൾ വീണ് കെട്ടിടങ്ങൾക്ക് തീപിടിച്ചുവെന്നും ഉക്രൈൻ അധികൃതർ വ്യക്തമാക്കിയിരുന്നു. ആക്രമണത്തിന് പിന്നാലെ, യുക്രൈൻ മിലിറ്ററി ഇന്റലിജൻസ് മേധാവി കിറിലോ ബുഡനോവ്് പെട്ടെന്നുള്ള തിരിച്ചടി നേരിടേണ്ടി വരുമെന്ന് റഷ്യക്ക്് മുന്നറിയിപ്പ്് നൽകിയിരുന്നു.