Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsരാഹുലിന്റെ പിൻഗാമിയാകാൻ പ്രിയങ്ക ഗാന്ധി തന്നെ വയനാട്ടിലേക്കെത്തിയേക്കുമോ?

രാഹുലിന്റെ പിൻഗാമിയാകാൻ പ്രിയങ്ക ഗാന്ധി തന്നെ വയനാട്ടിലേക്കെത്തിയേക്കുമോ?

കൽപറ്റ: വയനാട്ടിൽ ഉപതിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളിലേക്കു തിരഞ്ഞെടുപ്പ് കമ്മിഷൻ കടന്നതോടെ വീണ്ടും വയനാട് രാഷ്ട്രീയം ചൂടുപിടിക്കുന്നു. രാഹുൽ ഗാന്ധിയുടെ അയോഗ്യത കേസ് കോടതിയുടെ പരിഗണനയിലായതിനാൽ ഉടനെയൊന്നും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകില്ലെന്ന വിലയിരുത്തലിലായിരുന്നു യുഡിഎഫും എൽഡിഎഫും. എന്നാൽ, തിരഞ്ഞെടുപ്പ് കമ്മിഷൻ അപ്രതീക്ഷിതമായി തിരക്കിട്ട നടപടികൾ തുടങ്ങിയ സാഹചര്യത്തിൽ പുനർ വിചിന്തനത്തിനൊരുങ്ങുകയാണു നേതൃത്വം. പൊതുതിരഞ്ഞെടുപ്പിന് ഇനി കുറച്ചു മാസങ്ങൾ മാത്രം ശേഷിക്കെ, കുറഞ്ഞ കാലത്തേക്കു മാത്രമായി എംപിയുടെ ആവശ്യമുണ്ടോയെന്ന ചോദ്യവും ഉയരുന്നു. തിരഞ്ഞെടുപ്പിലേക്കു നീങ്ങുകയാണെങ്കിൽ യുഡിഎഫിനും എൻഡിഎക്കും വേണ്ടി പ്രമുഖർ തന്നെ രംഗത്തിറങ്ങുമെന്നാണു വിലയിരുത്തൽ.

രാഹുലിന്റെ പിൻഗാമിയാകാൻ പ്രിയങ്ക ഗാന്ധി തന്നെ വയനാട്ടിലേക്കെത്തിയേക്കുമെന്നു നിരീക്ഷിക്കുന്നവരുണ്ട്. യുഡിഎഫ് സ്ഥാനാർഥി ആരാണെന്നറിഞ്ഞ ശേഷമായിരിക്കും എൻഡിഎ സ്ഥാനാർഥിയെ പ്രഖ്യാപിക്കുക. കഴിഞ്ഞതവണ ഘടകകക്ഷിയായ ബിഡിജെഎസിനു നൽകിയ സീറ്റ് ഇക്കുറി ബിജെപി തന്നെ നേരിട്ട് ഏറ്റെടുക്കാനുള്ള സാധ്യതയുമുണ്ട്. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയെ സിപിഎം ശക്തമായി എതിർക്കുമ്പോഴും ഉപതിരഞ്ഞെടുപ്പുണ്ടായാൽ ശക്തമായ മത്സരം ലക്ഷ്യമിട്ടു തന്നെയായിരിക്കും ഇടതിന്റെയും സ്ഥാനാർഥി നിർണയം. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് ഉൾപ്പെടുന്ന പ്രതിപക്ഷ ഐക്യമുന്നണിക്ക് ഇടതുപക്ഷം മുൻകൈയെടുക്കുമ്പോൾ വയനാട്ടിൽ കോൺഗ്രസിന്റെ പ്രമുഖ നേതാവ് മത്സരിക്കാനിറങ്ങിയാൽ എങ്ങനെ നേരിടണമെന്ന ആശയക്കുഴപ്പവും എൽഡിഎഫിനുണ്ട്.

ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യം ശക്തമാകുമ്പോൾ വയനാട് തിരഞ്ഞെടുപ്പിലെ ഇടത്–കോൺഗ്രസ് പോരിലൂടെ അതിന് ഇടങ്കോലിടാനുള്ള ബിജെപിയുടെ ഗൂഢതന്ത്രമാണു തിരക്കിട്ട നടപടികളെന്നു വ്യാഖ്യാനിക്കുന്നവരുമുണ്ട്. അയോഗ്യതാ വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ തിടുക്കപ്പെട്ടു തിരഞ്ഞെടുപ്പിലേക്കു പോകുന്നതു ശരിയല്ലെന്ന നിലപാടിലാണ് എൽഡിഎഫും യുഡിഎഫും. അന്തിമവിധിക്കു കാത്തുനിൽക്കാതെ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നത് ബിജെപിയുടെ ഗൂഢലക്ഷ്യത്തിനു വേണ്ടിയാണെന്നും നേതാക്കൾ പറയുന്നു.

മോക്ക് പോൾ ആരംഭിച്ചതായി വാർത്തകൾ വന്നയുടനെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി സംസാരിച്ചിരുന്നുവെന്നും കോടതിയിൽ രാഹുലിന് അനുകൂലമായ തീരുമാനമുണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണു നേതൃത്വമെന്നും ഡിസിസി പ്രസി‍ഡന്റ് എൻ.ഡി. അപ്പച്ചൻ പറഞ്ഞു. രാഹുലിന്റെ ഹർജിയിൽ ഗുജറാത്ത് ഹൈക്കോടതിയുടെ തീരുമാനം വൈകുകയും തിരഞ്ഞെടുപ്പ് കമ്മിഷൻ കണക്കിലെടുക്കുന്ന കാലാവധി തീരുകയും ചെയ്താൽ എത്രയും വേഗം വയനാട് ഉപതിരഞ്ഞെടുപ്പിലേക്കു കാര്യങ്ങൾ എത്തിയേക്കുമെന്നാണു വിലയിരുത്തൽ. ഉപതിരഞ്ഞെടുപ്പ് നടപടികൾ തുടങ്ങാൻ, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും കേരളത്തിലെ ചീഫ് ഇലക്ടറൽ ഓഫിസർക്കും രാഹുലിനെ അയോഗ്യനാക്കിയ ഉത്തരവിന്റെ പകർപ്പ് ലോക്സഭാ സെക്രട്ടേറിയറ്റ് അയച്ചിരുന്നു.

ഇവിഎം പരിശോധന 10 വരെ

വയനാട് ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി ബത്തേരിയിലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം (ഇവിഎം) ഡിപ്പോയിൽ 3 ഘട്ടമായി നടക്കുന്ന പരിശോധന 10 വരെ തുടരും. 880 ഇവിഎമ്മുകളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. ഇതിൽ 517 എണ്ണത്തിന്റെ പരിശോധന പൂർത്തിയായി. യന്ത്രങ്ങൾ വിതരണം ചെയ്ത കമ്പനിയുടെ എൻജിനീയർമാരാണു പ്രവർത്തനക്ഷമത വിലയിരുത്തുക. തകരാറുള്ള യന്ത്രങ്ങൾ മാറ്റി പുതിയതു സജ്ജീകരിക്കും. പോളിങ് ഓഫിസർമാർക്കുള്ള പരിശീലനവും നടന്നുവരുന്നു. വയനാട് ലോക്സഭാ മണ്ഡലത്തിൽപെട്ട കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നിയോജകമണ്ഡലങ്ങളിലും വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന പുരോഗമിക്കുകയാണ്.

ഇലക്‌ഷൻ ഡപ്യൂട്ടി കലക്ടർ വി. അബൂബക്കർ, തഹസിൽദാർ എ.വി. ഷാജി എന്നിവരാണു പരിശോധനയ്ക്കു മേൽനോട്ടം വഹിക്കുന്നത്. വോട്ടിങ് യന്ത്രങ്ങളുടെ പരിശോധനയുമായി ബന്ധപ്പെട്ട് ജില്ലയിലെ രാഷ്ട്രീയപാർട്ടി നേതാക്കൾക്കെല്ലാം നോട്ടിസ് അയച്ചതായി ഇലക്‌ഷൻ വിഭാഗം പറയുന്നു. എന്നാൽ, അറിയിപ്പ് കിട്ടിയില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ പറഞ്ഞു. കോഴിക്കോട് നടക്കുന്ന മോക്ക് പോളിന് എത്തണമെന്ന് അഭ്യർഥിച്ചു തിരഞ്ഞെടുപ്പ് വിഭാഗത്തിൽനിന്ന് ഇന്നലെ അറിയിപ്പ് ലഭിച്ചതായും വൈകികിട്ടിയതിനാൽ പങ്കെടുക്കാനായില്ലെന്നും ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments