പത്തനംതിട്ട : ശബരിമലയില്‍ യുവതികളെ കയറ്റാന്‍ പിണറായി സര്‍ക്കര്‍ ഒത്താശ ചെയ്‌തെന്നു വെളിപ്പെടുത്തി മുന്‍ ഡിജിപി എ. ഹേമചന്ദ്രന്‍. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ 2018 ല്‍ തമിഴ്നാട്ടില്‍നിന്നുള്ള മനീതി സംഘത്തെ ശബരിമലയിലേക്കു കടത്തിവിടാന്‍ പോലീസ് കരുക്കള്‍ നീക്കിയെന്നു ഡി.സി ബുക്സ് പുറത്തിറക്കിയ ‘നീതി എവിടെ?’ എന്ന സര്‍വീസ് സ്റ്റോറിയില്‍ ഹേമചന്ദ്രന്‍ വെളിപ്പെടുത്തി.
ശബരിമല യുവതീ പ്രവേശനം സാധ്യമാക്കാന്‍ പോലീസ് നടത്തിയ ഇടപെടല്‍ സന്നിധാനത്തെ സാഹചര്യം കൂടുതല്‍ വഷളാക്കിയതായി ഹേമചന്ദ്രന്‍ വ്യക്തമാക്കുന്നു. ‘ മനീതി സംഘത്തിനായി പോലീസ് ഒരുക്കിയ സുരക്ഷ ദര്‍ശനത്തിനെത്തിയ ഭക്തരെ ബുദ്ധിമുട്ടിച്ചു. മലകയറാന്‍ എത്തുന്ന മനീതി സംഘത്തിന് പ്രത്യേക സുരക്ഷ ഒരുക്കണമെന്നായിരുന്നു പോലീസ് നിലപാട്. എന്നാല്‍ ഇതിനോട് തനിക്ക് യോജിക്കാന്‍ കഴിഞ്ഞില്ല. അത് അപ്പോള്‍ തന്നെ ഡി.ജി.പി ലോക്നാഥ് ബെഹ്റയെ അറിയിക്കുകയും ചെയ്തു. ഭക്തര്‍ക്ക് ഒരുക്കുന്ന സംരക്ഷണത്തില്‍ കൂടുതലൊന്നും മനീതി സംഘത്തിന് നല്‍കേണ്ടന്നായിരുന്നു എന്റെ നിലപാട്. എന്നാല്‍ അത് കോടതിയലക്ഷ്യമാകുമെന്നായിരുന്നു മറുപടി.
മനീതി സംഘത്തിനായി വന്‍ ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയത്. യുവതികളെ തടയാനായി നിന്ന ഭക്തരെ നേരിടാന്‍ ഒളിപ്പോരാളികളോട് ഏറ്റുമുട്ടാന്‍ തക്ക ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയത്. ഇത് ഭക്തരെ കൂടുതല്‍ പ്രകോപിതരാക്കി. സന്നിധാനത്തെ സ്ഥിതി കൂടുതല്‍ വഷളായതോടെയാണ് നിരീക്ഷണ സമിതി ഇടപെട്ടത്.
ശബരിമലയില്‍ പോലീസ് സ്വീകരിക്കുന്ന നിലപാടിനോട് തനിക്കുള്ള അതൃപ്തി മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചിരുന്നു. എന്നാല്‍ പോലീസില്‍ നിന്നും മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ട് മറിച്ചായതിനാല്‍ തന്റെ നിലപാട് മുഖ്യമന്ത്രി അംഗീകരിച്ചില്ല. വലിയ വീഴ്ചയാണ് യുവതി പ്രവേശന വിഷയത്തില്‍ പോലീസിനുണ്ടായത്. ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വിശ്വാസികളെ മത ഭ്രാന്തന്മാരായിട്ടാണ് വിശേഷിപ്പിച്ചത്. ‘-പുസ്തകത്തില്‍ ഹേമചന്ദ്രന്‍ പറയുന്നു