ടൊറൻ്റോ: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ കനേഡയിലെ പരിപാടി റദ്ദാക്കി. സുരക്ഷാ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടിയാണ് മെലോണിയുടെ ടൊറൻ്റോയിലെ പരിപാടി റദ്ദാക്കിയത്. വൻ പാലസ്തീൻ അനുകൂല പ്രതിഷേധമാണ് പരിപാടി നടക്കുന്ന വേദിക്ക് പുറത്തുണ്ടായത്.
പ്രതിഷേധത്തെത്തുടർന്ന് പരിപാടി നടക്കുന്ന ആർട്ട് ഗാലറി ഓഫ് ഒൻ്റാറിയോ പൂട്ടിയതിനാൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്‌ക്കോ മെലോണിക്കോ അകത്തേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല. ഇസ്രായേൽ-ഹമാസ് യുദ്ധത്തിലെ കനേഡിയൻ സർക്കാരിന്റെ നിലപാടിനെ വിമർശിച്ചാണ് പ്രതിഷേധം.
സുരക്ഷാ കാരണങ്ങളാൽ പരിപാടി റദ്ദാക്കിയതായി സർക്കാർ വക്താവ് അറിയിച്ചു. ഗാലറിക്ക് പുറത്ത് 200-300 വരെ പ്രതിഷേധക്കാരുണ്ടെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ഗാലറിക്ക് നിരവധി പ്രവേശന കവാടങ്ങളുണ്ടെന്നും എല്ലാത്തിനും പുറത്ത് പ്രതിഷേധക്കാർ ഒത്തുകൂടിയതിനാൽ തോത് അറിയാൻ ബുദ്ധിമുട്ടാണെന്നും പോലീസ് പറഞ്ഞു.