തിരുവനന്തപുരം: ഇസ്രായേൽ അധിനിവേശത്തിനെതിരായ ഫലസ്തീൻ പ്രക്ഷോഭത്തെ സൂചിപ്പിക്കുന്ന ‘ഇൻതിഫാദ’ എന്ന പേര് കേരള യൂനിവേഴ്സിറ്റി കലോത്സവത്തിന് ഉപയോഗിക്കുന്നത് വിലക്കി വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. തിങ്കളാഴ്ചയാണ് വി.സി ഉത്തരവിറക്കിയത്.
പോസ്റ്ററുകളിലും സോഷ്യൽ മീഡിയയിലും ഉൾപ്പെടെ ഫെസ്റ്റിവലിൻ്റെ എല്ലാ പ്രചാരണ സാമഗ്രികളിൽ നിന്നും ‘ഇൻതിഫാദ’ എന്ന വാക്ക് നീക്കം ചെയ്യാൻ നിർദേശിച്ചു. പകരം കേരള യൂനിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവൽ എന്ന പേര് ഉപയോഗിക്കണം.
ബി.ജെ.പിയുടെ വിദ്യാർഥി സംഘടനയായ എ.ബി.വി.പി സർവകലാശാല അധികൃതർക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടി. സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംഘടന നിവേദനം നൽകിയിരുന്നു.
മാർച്ച് 7 മുതൽ 11 വരെ തിരുവനന്തപുരത്താണ് കലോത്സവം നടക്കുക. എസ്എഫ്ഐ നേതൃത്വം നൽകുന്ന യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂനിയൻ കഴിഞ്ഞയാഴ്ച ‘ഇൻതിഫാദ’യുടെ ലോഗോ പുറത്തിറക്കിയിരുന്നു. എന്നാൽ, ‘ഇൻതിഫാദ’ എന്ന വാക്കിന് ഫലസ്തീൻ-ഇസ്രായേൽ പ്രശ്നവുമായി നേരിട്ട് ബന്ധമുണ്ടെന്നും രാജ്യത്തിന്റെ വിദേശനയത്തിലും ഇത് സ്വാധീനം ചെലുത്തുമെന്നും വി.സി പറഞ്ഞു.
നിർദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർവകലാശാല രജിസ്ട്രാർ, സ്റ്റുഡൻ്റ്‌സ് യൂണിയൻ, യൂനിവേഴ്‌സിറ്റി ഡിപ്പാർട്ട്‌മെൻ്റ് ഓഫ് സ്റ്റുഡൻ്റ്‌സ് സർവിസ് എന്നിവർക്ക് തിങ്കളാഴ്ച വി.സി നിർദേശം നൽകി. ഇതിൽ വീഴ്ചവരുത്തുന്നത് ഗൗരവമായി കാണുമെന്നും മുന്നറിയിപ്പ് നൽകി.
സർവകലാശാലയുടെ പ്രവർത്തനങ്ങൾ ഏതെങ്കിലും വിഭാഗം വിദ്യാർഥികളുടേയോ അധ്യാപകരുടേയോ പൊതുജനങ്ങളുടേയോ വികാരങ്ങളെ വ്രണപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാൻ ബാധ്യസ്ഥരാണെന്ന് വി.സി പറഞ്ഞു. “കലോത്സവം ഒരു പ്രതിഷേധത്തിനും ഉള്ള സ്ഥലമല്ല. വിദ്യാർഥികളെയും പൊതുജനങ്ങളെയും ബാധിക്കാവുന്ന അർഥങ്ങളുള്ള വാക്ക് തെരഞ്ഞെടുത്തത് വിദ്യാർത്ഥി യൂണിയന്റെ തെറ്റാണ്. യുവജനോത്സവ വേദി ഏതെങ്കിലും തരത്തിലുള്ള ആശയ പ്രചരണ വേദിയാക്കുന്നത് അനുവദിക്കാനാവില്ല”-അദ്ദേഹം പറഞ്ഞു.