Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsആണും പെണ്ണും ഒരുമിച്ചിരുന്ന് പഠിക്കട്ടെ; സംസ്ഥാനത്തെ 32 സ്കൂളൂകള്‍ ഇനി മുതല്‍ മിക്സഡ്

ആണും പെണ്ണും ഒരുമിച്ചിരുന്ന് പഠിക്കട്ടെ; സംസ്ഥാനത്തെ 32 സ്കൂളൂകള്‍ ഇനി മുതല്‍ മിക്സഡ്

തിരുവനന്തപുരം: ആണ്‍കുട്ടികളോ പെണ്‍കുട്ടികളോ മാത്രം പഠിച്ചിരുന്ന സംസ്ഥാനത്തെ 32 സ്കൂളുകള്‍ ഇന്ന് മുതല്‍ മിക്സഡ് സ്കൂളുകളായി പ്രവര്‍ത്തിക്കും. ഇന്നലെ വരെ ആണ്‍കുട്ടികള്‍ മാത്രം പഠിച്ചിരുന്ന തിരുവനന്തപുരം എസ്.എം.വി സ്കൂളിലേക്ക് 5 പെണ്‍കുട്ടികള്‍ ഇന്ന് നവാഗതരായി എത്തിയതോടെ കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് നിര്‍ണായകമായ മറ്റൊരു ചുവടുവെപ്പിന് കൂടി തലസ്ഥാന നഗരം സാക്ഷിയായി. ഫ്ലക്സ് ബോര്‍ഡുകള്‍ ഉയര്‍ത്തിയും തോരണങ്ങള്‍ തൂക്കിയും എസ്.പി.സിക്കാരെ അണിനിരത്തിയും വര്‍ണാഭമായ ചടങ്ങുകളോടെയാണ് പുതിയ കൂട്ടുകാരെ അവര്‍ വരവേറ്റത്. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും നവാഗതരെ സ്വീകരിക്കാനെത്തിയിരുന്നു.

വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള തിരുവനന്തപുരം എസ്.എം.വി സ്കൂളിലെ 2023-24 അധ്യയന വര്‍ഷ ബാച്ചിലേക്കാണ് 5 പേരും പ്രവേശനം നേടിയത്. ഒമ്പതാം ക്ലാസില്‍ അഖില അജയനും മാജിതയും എട്ടാം ക്ലാസില്‍ വിസ്മയയും സഞ്ജനയും ആറാം ക്ലാസിൽ ദർശനയും ഇനി മുതല്‍ എസ് എം വി സ്കൂളിൽ പഠിക്കും.

സംസ്ഥാനത്തെ 32 സ്കൂളുകളാണ് ഇത്തരത്തില്‍ ഇന്ന് മുതല്‍ മിക്സഡ് സ്കൂളുകളായി മാറിയത്. മുന്‍പ് ആണ്‍കുട്ടികള്‍ മാത്രം പഠിച്ചിരുന്ന സ്കൂളുകളിൽ പെൺകുട്ടികൾക്ക് ടോയ്‍ലറ്റുകൾ ഉൾപ്പടെ പ്രത്യേകം സൗകര്യമൊരുക്കിയാണ് പ്രവേശനം നൽകിയത്. എന്നാല്‍ ചിലയിടങ്ങളില്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ചെറിയ എതിർപ്പുകളുണ്ടായെങ്കിലും കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ഇതൊരു പുതിയ ചുവടുവെയ്പ്പായാണ് ഈ മാറ്റത്തെ കാണുന്നത്.

സംസ്ഥാനത്തെ അടുത്ത അധ്യയനവർഷം മുതൽ മിക്സഡ് സ്കൂളുകൾ മതിയെന്ന ബാലാവകാശ കമ്മീഷൻറെ ശുപാർശയാണ് ഒരു വർഷത്തിനുള്ളിൽ കേരളത്തില്‍ നടപ്പായത്. സഹവിദ്യാഭ്യാസം നടപ്പാക്കാനായി ബോയ്സ്, ഗേൾസ് സ്കൂളുകൾ എന്നീ വിഭജനം മാറ്റണമെന്നായിരുന്നു ശുപാർശ. 

ലിംഗസമത്വം ശരിയായ രീതിയിൽ മനസ്സിലാക്കി പരസ്പരം അംഗീകരിക്കുന്നതിനും ബഹുമാനിക്കുന്നതിനും നല്ല വ്യക്തിത്വം രൂപീകരിക്കുന്നതിനും ആ‌ൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് പഠിക്കണമെന്നാണ് വിവിധ പഠനങ്ങളെ ചൂണ്ടിക്കാട്ടി ബാലാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്. പൊതുപ്രവർത്തകനായ ഡോക്ടർ ഐസക് പോൾ നൽകിയ പൊതുതാത്പര്യ ഹർജിയിലായിരുന്നു ബാലാവകാശ കമ്മീഷന്‍ ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments