Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസർട്ടിഫിക്കറ്റുകൾ കാണാതായെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്ത് എംജി സർവകലാശാല

സർട്ടിഫിക്കറ്റുകൾ കാണാതായെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്ത് എംജി സർവകലാശാല

കോട്ടയം: എംജി സർവകലാശാലയിൽ സർട്ടിഫിക്കറ്റുകളുടെ ഫോർമാറ്റുകൾ കാണാതായെന്ന് കണ്ടെത്തി റിപ്പോർട്ട് ചെയ്ത ഉദ്യോഗസ്ഥനെയും സർവകലാശാല സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. നിലവിലെ സെക്ഷൻ ഓഫീസറാണ് സസ്പെന്റ് ചെയ്യപ്പെട്ട രണ്ട് പേരിൽ സർട്ടിഫിക്കറ്റുകൾ കാണാതായെന്ന് കണ്ടെത്തിയത്. ജൂൺ 2 ന് പിഡി 5 സെക്ഷനിൽ ചുമതലയേറ്റ സെക്ഷൻ ഓഫീസറാണ് ഇദ്ദേഹം. ജൂൺ 15 നാണ് സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ട വിവരം ഇദ്ദേഹം കണ്ടെത്തിയത്. അന്നു തന്നെ ഇദ്ദേഹം വിവരം പരീക്ഷാ കൺട്രോളറെ അറിയിച്ചിരുന്നു. അതേസമയം കാണാതായ രണ്ട് സർട്ടിഫിക്കറ്റുകൾ സെക്ഷനിലെ താത്കാലിക ജീവനക്കാരിയുടെ മേശവലിപ്പിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇവർക്കെതിരെ നടപടിയെടുക്കുമോയെന്ന് സർവകലാശാല വ്യക്തമാക്കിയിട്ടുമില്ല. ജൂൺ 2 വരെ സെക്ഷൻ ഓഫീസറായിരുന്ന മറ്റൊരു ഉദ്യോഗസ്ഥനെയും സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തിട്ടുണ്ട്.

ഔദ്യോഗിക ഉത്തരവാദിത്തത്തിൽ വീഴ്ച വരുത്തിയെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായ സാഹചര്യത്തിലാണ് മുൻ സെക്ഷൻ ഓഫീസറെയും നിലവിലെ സെക്ഷൻ ഓഫീസറെയും സസ്പെന്റ് ചെയ്തതെന്നാണ് സർവകലാശാല വാർത്താക്കുറിപ്പിൽ അറിയിച്ചത്. എന്നാൽ രണ്ട് ഉദ്യോഗസ്ഥരുടെയും പേര് വിവരം സർവകലാശാല മറച്ചുവെച്ചു. അന്വേഷണ വിധേയമായാണ് സസ്പെൻഷനെന്നും വൈസ് ചാൻസലർ അറിയിച്ചു. സംഭവത്തിൽ പൊലീസിൽ പരാതി നൽകാനും സർവകലാശാല തീരുമാനിച്ചു.

ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായ സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പരീക്ഷാ കൺട്രോളർ ഡോ സിഎം ശ്രീജിത്ത് വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന ഡോ സിടി അരവിന്ദകുമാറിനാണ് റിപ്പോർട്ട് സമർപ്പിച്ചു. 54 ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകളുടെ ഹോളോഗ്രാം പതിക്കാത്ത ഫോർമാറ്റുകളാണ് നഷ്ടമായത്. സംഭവത്തിൽ ജോയിന്റ് രജിസ്ട്രാർ തലത്തിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്വത്തിൽ  വിശദമായ അന്വേഷണം നടത്തും. സർട്ടിഫിക്കറ്റ് ഫോർമാറ്റ് കാണാതായ സെക്ഷനിലെ എല്ലാ ജീവനക്കാരെയും അന്വേഷണ കാലയളവിൽ മറ്റു സെക്ഷനുകളിലേക്ക് മാറ്റും. കാണാതായ 54 സർട്ടിഫിക്കറ്റുകളും അസാധുവാക്കി ഇവയുടെ സീരിയൽ നമ്പരുകൾ പ്രസിദ്ധീകരിക്കും.  ഈ വിഷയത്തിൽ സർവകലാശാല ഇതുവരെ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് രജിസ്ട്രാർ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന് സമർപ്പിക്കുമെന്നും വൈസ് ചാൻസലർ അറിയിച്ചു. 

ഹോളോഗ്രാം മുദ്രയടക്കം 16 സുരക്ഷാ സങ്കേതമുള്ള സർട്ടിഫിക്കറ്റ് ഫോർമാറ്റുകളാണ് എംജി സർവകലാശാലയിൽ നിന്ന് നഷ്ടപ്പെട്ടത്. 500 എണ്ണം വീതമുള്ള  കെട്ടുകളായാണ് സർട്ടിഫിക്കറ്റുകൾ സൂക്ഷിക്കുന്നത്. ഇത്തരമൊരു ബണ്ടിലിന്റെ ഇടയിൽ നിന്നുള്ള സർട്ടിഫിക്കറ്റുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ആസൂത്രിതമായി ഇവ കടത്തിയതാകാനുള്ള സാധ്യത കൂടുതലാണ്. നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകളിൽ രണ്ടെണ്ണം ബന്ധപ്പെട്ട സെക്ഷനിലെ ജീവനക്കാരിൽ ഒരാളുടെ മേശ വലിപ്പിൽ നിന്ന് കിട്ടി. എപ്പോഴാണ് സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടത്, നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ ആരെങ്കിലും ദുരുപയോഗം ചെയ്തിട്ടുണ്ടാകുമോ തുടങ്ങി ആശങ്കകളുണ്ട്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments