സർക്കാർ ഉദ്യോഗസ്ഥന്റെ വസതിയിൽ വിജിലൻസ് സംഘം നടത്തിയ റെയ്ഡിൽ മൂന്നു കോടിയിലേറെ രൂപ കണ്ടെടുത്തു. ഒഡീഷ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും നബരംഗ്പൂർ ജില്ലാ അഡീഷണൽ സബ് കളക്ടറുമായ പ്രശാന്ത് കുമാർ റൗട്ടിന്റെ വീട്ടിലും ഓഫീസിൽ നിന്നുമാണ് കണക്കിൽപ്പെടാത്ത 3.14 കോടി രൂപ ഒഡീഷ പൊലീസിന്റെ വിജിലൻസ് വിഭാഗം കണ്ടെത്തിയത്.
പ്രശാന്ത കുമാർ റൗട്ടിന്റെ ഭുവനേശ്വർ, നബരംഗ്പൂർ തുടങ്ങിയ സ്ഥലങ്ങളിലെ വസതികളിൽ വെള്ളിയാഴ്ചയാണ് വിജിലൻസ് സംഘം റെയ്ഡ് നടത്തിയത്. വീടുകളിലും ഓഫീസുകളിലുമായി നടത്തിയ തെരച്ചിലിലാണ് വൻ തുക കണ്ടെത്തുന്നത്. ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി എത്തിയപ്പോൾ കുറ്റാരോപിതനായ ഉദ്യോഗസ്ഥന്റെ ഭാര്യ അയൽവാസിയുടെ ടെറസിലേക്ക് പണം സൂക്ഷിച്ചിരുന്ന ആറ് കാർട്ടൂണുകൾ വലിച്ചെറിയുകയും പണം ഒളിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
അയൽവാസിയുടെ വീട്ടിൽ നിന്ന് പണമടങ്ങിയ പെട്ടികൾ കണ്ടെടുത്തിട്ടുണ്ട്. റൗട്ടിന്റെ നബരംഗ്പൂരിലെ വസതിയിൽ നിന്ന് 89.5 ലക്ഷം രൂപയും സ്വർണാഭരണങ്ങളും കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. ഡിപ്പാർട്ട്‌മെന്റിന്റെ ഒമ്പതോളം ടീമുകൾ തെരച്ചിലിൽ ഏർപ്പെട്ടിരുന്നു.