തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ എസ്എഫ്‌ഐക്കെതിരെ തുറന്നടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൂക്കോട് സർവ്വകലാശാലയിൽ മാത്രമല്ല എസ്എഫ്‌ഐയുടെ ക്രൂരതകൾ അരങ്ങേറുന്നത്. കേരളത്തിലെ മറ്റ് സർവ്വകലാശാല ഹോസ്റ്റലുകളും എസ്എഫ്‌ഐയുടെ അക്രമ പ്രവർത്തനങ്ങളുടെ താവളമാകുന്നു. ഇവരെ എതിർക്കുന്നവരെ നിശബ്ദമാക്കുന്ന സമീപനമാണ് എസ്എഫ്‌ഐ സ്വീകരിക്കുന്നതും ഗവർണർ തിരുവന്തപുരത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.
തെറ്റ് ചെയ്‌തെന്ന് കണ്ടെത്തിയതോടെയാണ് ഡീനും അസിസ്റ്റന്റ് വാർഡനും എതിരെ നടപടി ഉണ്ടായത്. കേസിൽ അറസ്റ്റിലായവർ മാത്രമല്ല, സംഭവം അറിഞ്ഞിട്ടും പ്രതികരിക്കാതെ മൗനം പാലിച്ചവരും പ്രതികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിദ്ധാർത്ഥിന്റേത് റാഗിംഗിനെ തുടർന്നുണ്ടായ മരണമാണെന്ന് പറയാൻ സാധിക്കില്ല. കൊലപതാകമാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രകാരം യുവാവിനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയതാണ്. ഓരോ സർവ്വകലാശാലകളിലും എസ്എഫ്‌ഐ പ്രവർത്തകർ അവിടുത്തെ ഒരു ഹോസ്റ്റൽ അവരുടെ ഹെഡ്ക്വാട്ടേഴ്‌സ് ആക്കി മാറ്റിയിരിക്കുകയാണ്. കോളേജ് അധികൃതർക്ക് പോലും അവിടേക്ക് പോകാൻ പേടിയാണ്. എസ്എഫ്ഐയും പിഎഫ്ഐയും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. ഇത്തരത്തിലുള്ള ചില ആളുകളും വയനാട്ടിലെ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് തനിക്ക് റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്ന് ഗവർണർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.