കോട്ടയം: അതിശക്തമായ മഴയിൽ കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലയില്‍ വ്യാപക നാശനഷ്ടങ്ങള്‍. കോരുത്തോട് കോസടി ഭാഗത്തിലെ കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 3.30 ഓടെ ഉരുള്‍പൊട്ടലുണ്ടായി. കോസടി മണ്ഡപത്തിലെ ഉരുൾപൊട്ടലിൽ പശുത്തൊഴുത്ത് ഒലിച്ചു പോയി. പശുക്കള്‍ ഉള്‍പ്പെടെയാണ് ഒലിച്ചുപോയത്.
കനത്ത മഴയില്‍ ജില്ലയിലെ തോടുകളിലും ആറുകളിലുമെല്ലാം ജലനിരപ്പ് ഉയര്‍ന്നു. പുല്ലകയാറ്റിലും മണിമലയാറ്റിലും ജലനിരപ്പുയര്‍ന്നതോടെ കൂട്ടിക്കല്‍ ചപ്പാത്തും മുണ്ടക്കയം കോസ് വേയും കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തിലാണ്. കൂട്ടിക്കല്‍, മുണ്ടക്കയം, കോരുത്തോട്, കൊക്കയാര്‍, പെരുവന്താനം പഞ്ചായത്തുകളിലെല്ലാം ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്.
ചിലയിടങ്ങളില്‍ റോഡിന്‍റെയും വീടുകളുടെയും സംരക്ഷണഭിത്തി തകര്‍ന്നു. മണിമലയാറ്റില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ മുണ്ടക്കയത്തിന് സമീപത്തുള്ള സ്കൂളുകള്‍ക്ക് ഇന്നലെ ഉച്ചകഴിഞ്ഞ് അവധി നല്‍കി. ഉച്ചയ്‌ക്ക് ശേഷം മഴയ്‌ക്ക് നേരിയ ശമനമുണ്ടായിരുന്നെങ്കിലും വൈകുന്നേരം നാലോടെ വീണ്ടും മഴ ശക്തിപ്രാപിച്ചു. രാത്രിയിലും ശക്തമായ മഴയായിരുന്നു ഈ ഭാഗങ്ങളില്‍ ഉണ്ടായത്. അടിയന്തര സാഹചര്യം നേരിടുവാൻ വിവിധ വകുപ്പുകള്‍ സുരക്ഷാക്രമീകരണങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.