ന്യൂഡല്‍ഹി: ദളിത്, ഗോത്ര, പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് നേതാക്കളെ വളര്‍ത്തുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനു വേണ്ടിയുള്ള സംഘടനാ പരിപാടികളിലേക്ക് കടന്ന് കോണ്‍ഗ്രസ്. ഉദയ്പൂര്‍ ചിന്തന്‍ ശിവിറിലെ പ്രധാന തീരുമാനമായിരുന്നു ഈ വിഭാഗങ്ങളില്‍ നിന്നുള്ള കൂടുതല്‍ നേതാക്കളെ വളര്‍ത്തികൊണ്ടുവരിക എന്നത്.
ഈ ലക്ഷ്യത്തോടെ ബുധനാഴ്ച ഡല്‍ഹിയില്‍ ‘നേതൃത്വ വികസന പദ്ധതി’ കൂട്ടായ്മ നടന്നു. ദളിത്, ഗോത്ര, പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് ഈ പരിപാടിയില്‍ പങ്കെടുത്തത്. കൂട്ടായ്മ കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉദ്ഘാടനം ചെയ്തു.
ഉദയ്പൂര്‍ ചിന്തന്‍ശിവിറിന്റെ തീരുമാനമായിരുന്നു ദളിത്, ഗോത്ര, പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള നേതാക്കളെ വളര്‍ത്തുന്നതിന് വേണ്ടിയുള്ള പ്രത്യേക പദ്ധതിയെന്ന് ഖാര്‍ഗെ പറഞ്ഞു. എല്ലാ നിയമസഭ മണ്ഡലങ്ങളിലും ലോക്‌സഭ സംവരണ മണ്ഡലങ്ങളിലും ‘നേതൃത്വ വികസന പദ്ധതി’ കോര്‍ഡിനേറ്റര്‍മാരെ നിയോഗിക്കുന്നതില്‍ ഖാര്‍ഗെ സന്തോഷം രേഖപ്പെടുത്തി.
സാമൂഹ്യനീതി നടപ്പിലാക്കുക എന്ന പാര്‍ട്ടിയുടെ ഏറ്റവും വലിയ ആഗ്രഹം നടപ്പില്‍ വരുത്താനും ഈ സമുദായങ്ങളെ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമാണ് ‘നേതൃത്വ വികസന പദ്ധതി’യെന്നും ഖാര്‍ഗെ പറഞ്ഞു. നിലവിലുള്ള നേതാക്കളും പുതിയ നേതാക്കളും പാര്‍ട്ടിയെ നയിക്കുകയും അവരുടെ സമുദായങ്ങളെ പ്രതീനിധീകരിക്കുകയും ചെയ്യും. ഇത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും ഖാര്‍ഗെ പറഞ്ഞു.
ഈ പദ്ധതി താഴെ തട്ടില്‍ നടപ്പിലാക്കുന്നത് സംസ്ഥാന, ജില്ല, ബ്ലോക്ക് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍മാരുടെ ചുമതലയാണ്. താന്‍ പ്രത്യേക താല്‍പര്യമെടുത്ത് തന്നെ ഈ പദ്ധതിയുടെ നടത്തിപ്പ് അവലോകനം ചെയ്യും. മാസത്തില്‍ ഒരിക്കലെങ്കിലും സംസ്ഥാന അദ്ധ്യക്ഷന്‍മാര്‍, സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമുള്ള എഐസിസി നേതാക്കള്‍, പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാര്‍ പദ്ധതി പരിശോധിക്കണമെന്നും ഖാര്‍ഗെ പറഞ്ഞു.
കോണ്‍ഗ്രസിന്റെ മുഴുവന്‍ പോഷക സംഘടനകള്‍ എല്ലാം പദ്ധതിയുമായി സഹകരിക്കണം. ഇത് താഴെതട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും ഖാര്‍ഗെ പറഞ്ഞു. പദ്ധതിക്ക് വേണ്ടി തയ്യാറാക്കിയ പഠനസാമഗ്രികളില്‍ താന്‍ സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, ഖജാന്‍ജി പവന്‍ബന്‍സാല്‍, എസ്‌സി, എസ്ടി, ഒബിസി, മൈനോറിറ്റി കോര്‍ഡിനേറ്റര്‍ കെ രാജു, ഇമ്രാന്‍പ്രതാപ് ഗര്‍ഹി എംപി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.