തിരുവനന്തപുരം: അപകീര്‍ത്തികേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി തള്ളിയത് സ്വാഭാവിക നീതിയുടെ നിഷേധമെന്ന് എളമരം കരീം എംപി. രാഹുലിന്റെ പ്രവര്‍ത്തനങ്ങളെ ഭയപ്പെടുന്ന രാഷ്ട്രീയ ശക്തികള്‍ക്ക് സന്തോഷം നല്‍കുന്ന വിധിയാണ് ഗുജറാത്ത് ഹൈക്കോടതിയുടേത് എന്നും മുതിര്‍ന്ന സിപിഐഎം നേതാവ് പ്രതികരിച്ചു. രാഹുലിന്റെ പ്രസംഗത്തില്‍ രാജ്യവിരുദ്ധമായ ഒന്നുമില്ലെന്നും എളമരം കരീം പറഞ്ഞു.
ഈ ഘട്ടത്തില്‍ ഉപതെരഞ്ഞെടുപ്പിനെ കുറിച്ച് പോലും ആലോചിക്കുന്നത് കടുത്ത കൈയാണ്. സ്വാഭാവികമായി ലഭിക്കേണ്ട നീതി നിഷേധിച്ചാണ് രാഹുലിനെ അയോഗ്യത കല്‍പ്പിച്ചതെന്നും എളമരം കരീം പറഞ്ഞു.
രാഹുലിനെ അയോഗ്യനാക്കിയ സിജെഎം കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഗുജറാത്ത് കോടതിയില്‍ നിന്നും നീതി പ്രതീക്ഷിച്ചിരുന്നില്ലെന്നും രാജ്യത്തെ മുഴുവന്‍ ജനതയും രാഹുലിനൊപ്പം ഉണ്ടാവുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.
ഏതെങ്കിലും തരത്തില്‍ വിചാരണ കോടതിയുടെ നടപടി ക്രമങ്ങളില്‍ ഇടപെട്ട് ശിക്ഷ സ്റ്റേ ചെയ്യുന്നത് റൂള്‍ അല്ലായെന്നും ഇടപെടാനാകില്ലെന്നും നിരീക്ഷിച്ചാണ് രാഹുലിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളിയത്. രാഹുല്‍ സ്ഥിരമായി തെറ്റ് ആവര്‍ത്തിക്കുന്നെന്നും നിരീക്ഷിച്ചിരുന്നു.
‘മതിയായ കാരണങ്ങള്‍ ഇല്ലാതെയാണ് രാഹുല്‍ ഗാന്ധി വിധി സ്റ്റേ ചെയ്യാന്‍ ആവശ്യപ്പെടുന്നത്. ശിക്ഷ സ്റ്റേ ചെയ്യുകയെന്നത് റൂള്‍ അല്ല. രാഹുല്‍ ഗാന്ധിക്കെതിരെ പത്ത് കേസുകള്‍ നിലവിലുണ്ട്. രാഷ്ട്രീയത്തില്‍ സംശുദ്ധി പുലര്‍ത്തണം. കേംബ്രിഡ്ജില്‍ വെച്ച് വീര്‍ സവര്‍ക്കറിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ അദ്ദേഹത്തിന്റെ ചെറുമകന്‍ പൂനെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ന്യായമായ കാരണങ്ങളില്ലാതെ വിധി സ്റ്റേ ചെയ്യുന്നത് പരാതിക്കാനോടുള്ള അനീതിയായിരിക്കും. വിധി കൃത്യവും നീതിപൂര്‍ണവുമാണ്.’, ജസ്റ്റിസ് ഹേമന്ദ് പച്ഛക് നിരീക്ഷിച്ചു.
ഗുജറാത്ത് മുന്‍മന്ത്രി പൂര്‍ണേഷ് മോദി സമര്‍പ്പിച്ച മാനനഷ്ടക്കേസില്‍ സൂറത്ത് സിജെഎം കോടതി രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവ് വിധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിക്ക് ലോക്‌സഭാഗത്വം നഷ്ടമായത്. വിധി സൂറത്ത് സെഷന്‍സ് കോടതി സ്റ്റേ ചെയ്യാത്തതിനാല്‍ റിവിഷന്‍ പെറ്റീഷനുമായാണ് രാഹുല്‍ ഗാന്ധി ഹൈക്കോടതിയെ സമീപിച്ചത്.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ കര്‍ണാടകയിലെ കോലാറിലാണ് രാഹുല്‍ കേസിനാസ്പദമായ വിവാദ പരാമര്‍ശം നടത്തിയത്. ഇതുസംബന്ധിച്ച് വിവിധ കോടതികളില്‍ രാഹുലിനെതിരെ ഹര്‍ജികള്‍ നിലവിലുണ്ട്. സൂറത്ത് സെഷന്‍സ് കോടതി രണ്ട് വര്‍ഷം തടവ് വിധിച്ചതോടെ, ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് പാര്‍ലമെന്റ് അംഗത്വം നഷ്ടമായിരുന്നു.