കണ്ണൂർ : ഏക സിവിൽ കോഡിൽ സിപിഐഎം സംഘടിപ്പിക്കുന്ന സെമിനാറിലേക്കില്ലെന്ന മുസ്ലിം ലീഗ് നിലപാടിനെ സ്വാഗതം ചെയ്ത് കെ സുധാകരൻ. സെമിനാറിലേക്ക് പോകേണ്ടെന്ന ലീഗിന്റെ തീരുമാനം ഉചിതമാണ്. സിപിഐഎമ്മിന്റെ കെണിയിൽ അവർ വീണില്ല. ഒരിക്കലും ലീഗ് കോൺഗ്രസിനെ വിട്ട് പോകില്ലെന്നും സുധാകരൻ പറഞ്ഞു.
മുന്നണിയിൽ അഭിപ്രായ വ്യത്യാസമില്ല. ലീഗിനെ ക്ഷണിച്ചതിൽ സിപിഐഎമ്മിന്റേത് കുറുക്കന്റെ പോളിസിയായിരുന്നുവെന്ന് പറഞ്ഞ കെ സുധാകരൻ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെയും എ കെ ബാലന്റെയും പരാമർശങ്ങളോട് വിവരക്കേടെന്നാണ് പ്രതികരിച്ചത്. ന്യൂനപക്ഷങ്ങളോടുള്ള കോൺഗ്രസ് സമീപനം രാഷ്ട്രീയത്തിൽ പാണ്ഡിത്യമില്ലാത്ത പാമരന്മാർക്ക് പോലും അറിയുന്നതെന്നും സുധാകരൻ പറഞ്ഞു.
ഏക സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസിന് വ്യക്തമായ സമീപനമില്ലെന്നാണ് എം വി ഗോവിന്ദൻ പറഞ്ഞത്. ഒരോ സംസ്ഥാനത്തിലും ഓരോ സമീപനമാണ്. പൊതുസാഹചര്യം പരിശോധിച്ചാല്‍ കോണ്‍ഗ്രസ് മൃദുഹിന്ദുത്വ നിലപാടാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെയുള്ള സാഹചര്യത്തിലാണ് ഈ വിഷയത്തില്‍ കോണ്‍ഗ്രസിനെ വിളിക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചതെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേർത്തു. ലീഗിൻ്റെ തീരുമാനത്തോടൊപ്പം കേരളത്തിലെ മുസ്ലിം സമൂഹം നിൽക്കില്ലെന്നാണ് എ കെ ബാലൻ പ്രതികരിച്ചത്. ലീഗ് കോൺഗ്രസിൻ്റെ ബലിയാടാണ്. സെമിനാറിന് ഇല്ലെന്ന് മുസ്ലിം ലീഗ് പറഞ്ഞത് യുഡിഎഫിൻ്റെ രാഷ്ട്രീയ തീരുമാനത്തിൻ്റെ ഭാഗമാണെന്നുമാണ് ബാലൻ പ്രതികരിച്ചത്.
ഏക സിവിൽ കോഡ് വിഷയത്തിലെ സിപിഐഎം സെമിനാറിൽ പങ്കെടുക്കുന്നതിൽ മുസ്ലിം ലീഗിനുള്ളിൽ വിരുദ്ധാഭിപ്രായം നിലനിന്നിരുന്നു. ഇ ടി മുഹമ്മദ് ബഷീർ, എം കെ മുനീർ എന്നിവരടങ്ങിയ ഒരു വിഭാഗം സെമിനാറിൽ പോകേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു. സെമിനാറിൽ പങ്കെടുക്കാതിരിക്കാൻ കോൺഗ്രസ് പാർട്ടിയും മുസ്ലിം ലീഗിന് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. ഇന്ന് രാവിലെ ചേർന്ന മുസ്ലിം ലീഗ് യോഗത്തിൽ സെമിനാറിലേക്കുള്ള സിപിഐഎം ക്ഷണം നിരസിക്കാൻ നേതൃത്വം തീരുമാനിക്കുകയായിരുന്നു.