പത്തനംതിട്ട : കോയിപ്രം രമാദേവി കൊലക്കേസിൽ വൻ ട്വിസ്റ്റ്. 17 വർഷത്തിനുശേഷം രമാദേവിയുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. റിട്ടയഡ് പോസ്റ്റ് പോസ്റ്റ്മാസ്റ്റർ സി ആർ ജനാർദ്ദനനെയാണ് (75) ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ തിരുവല്ല ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടും ഭർത്താവ് ജനാർദ്ദനൻ തന്നെയായിരുന്നു നേരത്തെ കോടതിയെ സമീപിച്ചിരുന്നത്.
2006 മെയ് മാസം 26 നാണ് വീട്ടമ്മയായ രമാദേവിയെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. തുടക്കത്തിൽ അയൽവാസിയായ തമിഴ്നാട് സ്വദേശിയെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം.
കൊലപാതകത്തിന് ശേഷം സ്ഥലം വിട്ട സ്ഥലവാസിയായ ചുടലമുത്തു എന്ന തമിഴ്നാട്ടുകാരനെ ചുറ്റി പറ്റി അന്വേഷണം വ്യാപിപ്പിച്ചുവെങ്കിലും ലോക്കൽ പൊലീസിന് ഇയാളോയോ ഇയാൾക്ക് ഒപ്പം താമസിച്ചിരുന്ന സ്ത്രീയെയോ കണ്ടെത്താൻ സാധിച്ചില്ല. എന്നാൽ നിരന്തരമായ അന്വേഷണത്തിൽ കഴിഞ്ഞ വർഷം ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ തമിഴ്നാട് സ്വദേശിയുടെ ഒപ്പമുണ്ടായിരുന്ന സ്ത്രീയെ തെങ്കാശിയിൽ കണ്ടെത്തി. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയായ ഭര്‍ത്താവ് റിട്ടയേർഡ് പോസ്റ്റ് പോസ്റ്റ്മാസ്റ്റർ ജനാർദ്ദനനെ പത്തനംതിട്ട ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പ്രതിയെന്ന് സംശയിച്ച തമിഴ്നാട് സ്വദേശിയെ പൊലീസ് കണ്ടെത്തിയതാണ് കൊലക്കേസിൽ ട്വിസ്റ്റായത്.