തിരുവനന്തപുരം: സംസ്ഥാന വനിതാ രത്‌ന പുരസ്‌കാരങ്ങള്‍ മന്ത്രി വീണ ജോര്‍ജ് പ്രഖ്യാപിച്ചു. കായിക രംഗത്ത് കണ്ണൂര്‍ ചെറുപുഴ പെരിങ്ങോം നിവാസി ട്രീസ ജോളി, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിതാ വിഭാഗത്തില്‍ കോഴിക്കോട് ജില്ലയിലെ വിജി പെണ്‍കൂട്ട്, എറണാകുളം ജില്ലയിലെ ജിലുമോള്‍ മാരിയറ്റ് തോമസ്, സാമൂഹ്യ സേവന രംഗത്ത് വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തി മുദ്ര പതിപ്പിച്ച വനിതാ വിഭാഗത്തില്‍ പാലക്കാട് ജില്ലയിലുള്ള ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോ ഫിസിക്‌സിന്റെ ഡയറക്ടര്‍ അന്നപൂര്‍ണി സുബ്രഹ്‌മണ്യം എന്നിവര്‍ അര്‍ഹരായി.
സ്ത്രീ ശാക്തീകരണ രംഗത്ത് 25 വര്‍ഷങ്ങളുടെ അധ്യായം എഴുതിച്ചേര്‍ത്ത് സാമ്പത്തികവും സാമൂഹികവുമായ ഉന്നമനം കൈവരിക്കുവാന്‍ വഴിവച്ച കുടുംബശ്രീക്ക് വനിത ശിശു വികസന വകുപ്പിന്റെ സ്ത്രീ ശാക്തീകരണ രംഗത്തെ പ്രത്യേക പുരസ്‌കാരം നല്‍കും.
അന്താരാഷ്ട്ര വനിതാ ദിനാചരണം സംസ്ഥാനതല പരിപാടികളുടെ ഉദ്ഘാടനവും വനിതാ രത്‌ന പുരസ്‌കാര വിതരണവും വ്യാഴാഴ്ച വൈകീട്ട് മൂന്നിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ച് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ചടങ്ങില്‍ മന്ത്രി വി. ശിവന്‍ കുട്ടി അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ജി.ആര്‍. അനില്‍, ഡോ. ആര്‍. ബിന്ദു, ജെ. ചിഞ്ചുറാണി എന്നിവര്‍ വിശിഷ്ടാതിഥികളാകും. ഇതോടനുബന്ധിച്ച് വിവിധങ്ങളായ വിഷയത്തെ ആസ്പദമാക്കിയുള്ള സംവാദങ്ങള്‍, മത്സരങ്ങള്‍, മറ്റ് കലാപരിപാടികള്‍ എന്നിവയും ഉണ്ടാകും. ഇതോടൊപ്പം രാത്രി യാത്ര, സെക്കന്റ് ഷോ, രാത്രി നടത്തം എന്നിവയുമുണ്ടാകും.