കോഴിക്കോട്: മിഠായി തെരുവിൽ ജിഎസ്ടി വകുപ്പിന്റെ റെയ്ഡ്. ഉദ്യോഗസ്ഥരും കച്ചവടക്കാരും തമ്മിൽ വാക്കേറ്റം ഉണ്ടായി. പൊലീസ് സ്ഥലത്തെത്തി ചർച്ച നടത്തി. റെയ്ഡ് തുടരുകയാണ്. പലയിടങ്ങളില്‍ നിന്നായി സാധനം എത്തിക്കുകയും അതിന്റെ വ്യാപാരവുമായി ബന്ധപ്പെട്ടുകൊണ്ടുളള മറ്റ് കണക്കുകള്‍ ഒന്നും കാണിക്കാതെ തട്ടിപ്പുകള്‍ നടത്തുകയും ചെയ്യുന്നത് ജിഎസ്ടി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. വ്യാപകമായ പരിശോധന നടത്താനാണ് ജിഎസ്ടി വകുപ്പിന്റെ തീരുമാനം.
25 കോടിയോളമുളള നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ജിഎസ്ടി ഇന്റലിജൻസ് അസിസ്റ്റന്റ് കമ്മീഷണർ അശോകൻ പറഞ്ഞു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. 25 ഓളം കടകളുടെ പേരിലാണ് നികുതിവെട്ടിപ്പ്. പരിശോധന നടപടികൾ പൂർത്തിയാക്കിയാലേ തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലാകൂവെന്നും കമ്മീഷണർ പറഞ്ഞു.
അതേസമയം മുന്‍കൂട്ടി അറിയിക്കാതെയാണ് റെയ്ഡ് നടത്തിയതെന്ന് വ്യാപാരികൾ ആരോപിച്ചു. ഒരാഴ്ച മുമ്പ് അറിയിക്കണമെന്നാണ് നിയമം. റെയ്ഡിന് തങ്ങള്‍ എതിരല്ല. റെയ്ഡ് നടത്തുന്നതിനെ തടഞ്ഞിട്ടില്ല. പളളിയില്‍ നിന്ന് ഇറങ്ങിയിട്ട് റെയ്ഡ് നടത്തിക്കോളൂ എന്നാണ് പറഞ്ഞതെന്നും വ്യാപാരികള്‍ പറയുന്നു.
മിഠായി തെരുവില്‍ ഒരു വര്‍ഷത്തേക്കോ രണ്ട് വര്‍ഷത്തേക്കോ ആണ് വ്യാപാരത്തിന് പലർക്കും ഷോപ്പ് കിട്ടുക. അപ്പോള്‍ ചില വ്യാപാരികള്‍ അതിന്റെ ജിഎസ്ടി എടുക്കാന്‍ നില്‍ക്കില്ല. വലിയ വാടക കൊടുത്താണ് അവർ വ്യാപാരം നടത്തുന്നത്. ആ നിലയിലുളള പോരായ്മയുണ്ടായിട്ടുണ്ട്. മനപ്പൂർവ്വം ആരും നിയമം തെറ്റിച്ചിട്ടില്ലെന്നും വ്യാപാരികൾ പറഞ്ഞു.