മലപ്പുറം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അവഹേളിക്കുന്ന തരത്തിൽ വാട്‌സ് ആപ്പ് വഴി സന്ദേശം അയച്ചതായി പരാതി. മലപ്പുറം എസ് ബി ഐ റീജണൽ മാനേജർ മിനിമോൾ ആണ് ബങ്കിന്റെ ഒഫീഷ്യൽ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ഉമ്മൻ ചാണ്ടിയെ അവഹേളിക്കുന്ന തരത്തിൽ സന്ദേശം അയച്ചതെന്ന് യൂത്ത് കോൺഗ്രസിന്റെ പരാതിയിൽ പറയുന്നു. ഔദ്യോഗിക അവധി പ്രഖ്യാപിച്ച ഇന്ന് എല്ലാ ജീവനക്കാരും ജോലിക്ക് ഹാജരാവണമെന്നും റീജണൽ മാനേജർ നിർദേശിച്ചവെന്നാണ് പരാതി.
‘പൊതുദർശനം ബാംഗ്ലൂർ ആണ്. സൗകര്യമുള്ളവർക്ക് അങ്ങോട്ടും പോയി ആദരാജ്ഞലി അർപ്പിക്കാം’ എന്നും ഗ്രൂപ്പിൽ പറഞ്ഞു. ഇതോടെ സംഭവം വിവാദമായി. സംഭവത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ നൗഫൽ ബാബു മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.
റീജണൽ മാനേജറിന്റെ പെരുമാറ്റം ബഹുമാന്യനായ നേതാവിന്റെ വിയോഗത്തിൽ ദുഖിച്ചിരിക്കുന്ന കേരള സമൂഹത്തെയാകെ അപമാനിക്കുന്നതിന് തുല്യമാണ്. കൂടാതെ, സർക്കാർ നയങ്ങളെ പൊതുയിടങ്ങളിൽ അവഹേളിക്കുക വഴി ഉദ്യോഗസ്ഥ സർവ്വീസ് ചടങ്ങളുടെ ലംഘനം കൂടിയാണ് നടത്തിയിരിക്കുന്നതെന്നും കർശന നടപടികൾ സ്വീകരിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
അതേസമയം, പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ നിന്ന് മൃതദേഹം വിലാപയാത്രയായാണ് പുതുപ്പള്ളി ഹൗസിലേക്ക് എത്തിക്കുന്നത്. ഇവിടുത്തെ പ്രാർത്ഥനയ്ക്കും പൊതു ദർശനത്തിനും ശേഷം ഉമ്മൻചാണ്ടിയുടെ മൃതദേഹം സെക്രട്ടേറിയേറ്റിലെ ദർബാർ ഹാളിലും പൊതു ദർശനത്തിനായി എത്തിക്കും. ആറ് മണിയോടെ മൃതദേഹം കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലേക്ക് കൊണ്ടുപോകും. രാത്രിയോടെ തിരുവനന്തപുരത്ത് ഉമ്മൻചാണ്ടിയുടെ വീടായ പുതുപ്പള്ളി ഹൗസിലേക്ക് വീണ്ടും മൃതദേഹം മാറ്റും. തുടർന്ന് നാളെ രാവിലെ ഏഴ് മണിയോടെ വിലാപയാത്ര കോട്ടയത്തേക്ക് പുറപ്പെടും. \
നാളെ വൈകിട്ട് അഞ്ച് മണിക്ക് കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വെക്കും. രാത്രിയിൽ പുതുപ്പള്ളി ഹൗസിലേക്ക് കൊണ്ടുപോകും. ജൂലൈ 20 ന് ഉച്ചയ്ക്ക് പുതുപ്പള്ളി പള്ളി സെമിത്തേരിയിലാകും മൃതദേഹം സംസ്കരിക്കുക. കേരള രാഷ്ട്രീയത്തിലെ തലമുതിർന്ന നേതാവായിരുന്ന ഉമ്മൻചാണ്ടി ഇന്ന് പുലർച്ചെ ബെംഗളൂരുവിലാണ് അന്ത്യശ്വാസം വലിച്ചത്. അർബുദ രോഗബാധിതനായി ദീർഘകാലമായി ചികിത്സയിലായിരുന്നു. ബെംഗളൂരുവിലെ ചിന്മയ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4.25 ന് ആയിരുന്നു മരണം. 79 വയസായിരുന്നു.