തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാന്‍ ജനപ്രവാഹം. ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശശീരം ആംബുലന്‍സില്‍ പുതുപ്പള്ളി ഹൗസിലേക്കുള്ള യാത്രയിലാണ്. റോഡരികിലും ആംബുലന്‍സിനെ പിന്തുടര്‍ന്നും നിരവധി പേരാണ് ഉമ്മന്‍ ചാണ്ടിക്ക് അന്തിമോപചാരം അര്‍പ്പിക്കാനെത്തുന്നത്. പ്രിയനേതാവിനെ കാണാന്‍ കണ്ണീരൊഴുക്കി വഴിയരികില്‍ കാത്തുനില്‍ക്കുകയാണ് തലസ്ഥാന ജനത.
ബെംഗളൂരുവില്‍ നിന്ന് ഭൗതിക ശരീരം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ അവിടെയും വലിയ തിരക്കായിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിലാണ് വിമാനത്താവളത്തില്‍ നിന്ന് മൃതദേഹം പുതുപ്പള്ളി ഹൗസിലേക്ക് എത്തിക്കുന്നത്. ഇവിടുത്തെ പൊതുദര്‍ശനത്തിന് ശേഷം സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിലും പൊതുദര്‍ശനം നടക്കും.
ആറ് മണിയോടെ മൃതദേഹം കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലേക്ക് കൊണ്ടുപോകും. രാത്രിയോടെ തിരുവനന്തപുരത്ത് ഉമ്മന്‍ചാണ്ടിയുടെ വീടായ പുതുപ്പള്ളി ഹൗസിലേക്ക് വീണ്ടും മൃതദേഹം കൊണ്ടുവരും. നാളെ രാവിലെ ഏഴരയോടെ കോട്ടയത്തേക്ക് വിലാപ യാത്ര പുറപ്പെടും.
നാളെ വൈകിട്ട് അഞ്ച് മണിക്ക് കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനമുണ്ടായിരിക്കും. രാത്രിയില്‍ പുതുപ്പള്ളി ഹൗസിലേക്ക് കൊണ്ടുപോകും. ജൂലൈ 20ന് ഉച്ചയ്ക്ക് പുതുപ്പള്ളി പള്ളി സെമിത്തേരിയിലാകും മൃതദേഹം സംസ്‌കരിക്കുക. രോഗബാധിതനായി ബെംഗളൂരുവിലെ ചിന്മയാ മിഷന്‍ ആശുപത്രിയില്‍ വെച്ച് പുലര്‍ച്ചെയായിരുന്നു അന്ത്യം. മകന്‍ ചാണ്ടി ഉമ്മന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഉമ്മന്‍ ചാണ്ടിയുടെ മരണവിവരം അറിയിച്ചത്.