പ്രതിപക്ഷ്യ സഖ്യമായ ഐഎൻഡിഐഎയുമായും എൻഡിഎയുമായും സമദൂരം പാലിക്കുമെന്ന് ബഹുജൻ സമാജ്‌വാദി പാർട്ടി പ്രസിഡൻ്റ് മായാവതി. ലോക്സഭാ തെരഞ്ഞെടുപ്പിനെ ഒറ്റക്ക് നേരിടും. അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാജ്യവ്യാപകമായി യോഗങ്ങൾ സംഘടിപ്പിക്കുമെന്നും മായാവതി പറഞ്ഞു.
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ ബിഎസ്പി ഒറ്റക്ക് മത്സരിക്കും. പ്രാദേശികമായി പഞ്ചാബിലും ഹരിയാനയിലും സഖ്യമുണ്ടാക്കാം. പക്ഷേ, ഈ പാർട്ടികൾക്ക് എൻഡിഎയുമായോ ഐഎൻഡിഐഎയുമായോ ബന്ധമുണ്ടാവരുത്. ബിജെപിയും കോൺഗ്രസും പാവങ്ങളുടെ ക്ഷേമത്തിനുള്ള വാഗ്ധാനങ്ങൾ പാലിക്കാത്തവരാണ്. അവർക്ക് വേണ്ടി ഇരു പാർട്ടികളും ഒന്നും ചെയ്തിട്ടില്ല. ദളിതുകൾ, ആദിവാസികൾ, മുസ്ലിങ്ങൾ തുടങ്ങി ന്യൂനപക്ഷങ്ങളുടെ കാര്യത്തിൽ ഇരു പാർട്ടികളുടെയും നിലപാട് ഒരുപോലെയാണ് എന്നും മായാവതി പറഞ്ഞു.