പത്തനംതിട്ട : ആറന്മുള വള്ളസദ്യയ്‌ക്കായുള്ള അടുപ്പിൽ അഗ്നി പടർന്നു. ക്ഷേത്ര ശ്രീകോവിലിൽ നിന്ന് പകർന്ന ദീപം, പള്ളിയോട സേവാസംഘം പ്രസിഡന്റ് മുതിർന്ന പാചക വിദഗ്ധൻ വാസുപിള്ളയ്‌ക്ക് കൈമാറി. തുടർന്ന് അടുപ്പിലേക്ക് തീ പകർന്നു. നാളെയാണ് പ്രസിദ്ധമായ വള്ളസദ്യ.
വള്ളസദ്യ വഴിപാടുകൾക്ക് മുന്നോടിയായി പുലർച്ചെ തന്ത്രി കുഴിക്കട്ടില്ലത്ത് വാസുദേവൻ ഭട്ടതിരിയുടെ മുഖ്യകാർമികത്വത്തിൽ അഷ്ട ദ്രവ്യ ഗണപതി ഹോമം നടത്തിയിരുന്നു. പത്ത് പള്ളിയോടങ്ങൾ ആദ്യ ദിനത്തിൽ വള്ളസദ്യയിൽ പങ്കെടുക്കും. ഒക്ടോബർ രണ്ട് വരെയാണ് വള്ളസദ്യ നടക്കുക. ഇക്കാലയളവിൽ 500 സദ്യകൾ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആദ്യ ദിനത്തിൽ പത്ത് പള്ളിയോടങ്ങളാണ് പങ്കെടുക്കുന്നത്. 52 കരകളിൽ നിന്നുള്ള പള്ളിയോടങ്ങളാണ് വിവിധ ദിവസങ്ങളിലായി പങ്കെടുക്കുന്നത്.
ഉദ്ദിഷ്ടകാര്യസാദ്ധ്യത്തിനും സർപ്പദോഷ പരിഹാരത്തിനും സന്താന ലബ്ദിയ്‌ക്കുമായി ഭക്തജനങ്ങൾ സമർപ്പിക്കുന്ന വഴിപാടാണ് വള്ളസദ്യ. സദ്യയുടെ നിലവാരം ഉയർത്തുന്നതിനായി പള്ളിയോട സേവാ സംഘം പ്രതിജ്ഞാബദ്ധരാണ്. പാസുള്ളവർക്ക് മാത്രമാകും വള്ളസദ്യകളിൽ പങ്കെടുക്കാനാവസരം.