ന്യൂഡല്‍ഹി: പത്മജ വേണുഗോപാലിന്റെ ബിജെപി കൂറുമാറ്റത്തില്‍ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പത്മജ പാര്‍ട്ടിയോട് കാണിച്ചത് വിശ്വാസ വഞ്ചനയാണെന്നും പാര്‍ട്ടി വിടേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.
പത്മജ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിച്ചു കൊടുത്തിട്ടുണ്ട്. ഒരുപാട് പേരുള്ള പാര്‍ട്ടി ആകുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും. അര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കിയിട്ടുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇത് കോണ്‍ഗ്രസിനെ ബാധിക്കില്ലെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
പത്മജ വേണുഗോപാലിനെ നിശിതമായി വിമര്‍ശിച്ച് സഹോദരനും കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരന്‍ എംപി നേരത്തെ രംഗത്തുവന്നിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി പത്മജയ്ക്ക് നല്‍കിയത് മുന്തിയ പരിഗണനയാണ്. പത്മജയുടെ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
പത്മജയെ എടുത്തതുകൊണ്ട് കാല്‍ക്കാശിന്റെ ഗുണം ബിജെപിക്ക് കിട്ടില്ല. ഈ ചതിക്ക് തിരഞ്ഞെടുപ്പിലൂടെ പകരം ചോദിക്കും. ‘കെ കരുണാകരനെ ചിതയിലേക്ക് എടുത്തപ്പോള്‍ പുതപ്പിച്ച ത്രിവര്‍ണ പതാക ഞങ്ങള്‍ക്കുള്ളതാണ്. കഷ്ടപ്പാട് അനുഭവിക്കാത്ത മക്കള്‍ക്ക് ഇത്തരം ദുഷ്ടബുദ്ധി തോന്നാം. വര്‍ക്ക് അറ്റ് ഹോം നടത്തുന്ന നേതാക്കള്‍ക്ക് ഇത്രയും സ്ഥാനം കൊടുത്താല്‍ പോരേ’യെന്നും മുരളീധരന്‍ ചോദിച്ചു.
അച്ഛന്റെ ആത്മാവ് പത്മജയോട് പൊറുക്കില്ല. അച്ഛന്റെ ശവകുടീരത്തില്‍ സംഘികളെ നിരങ്ങാനനുവദിക്കില്ല. പത്മജയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിച്ചു. പാര്‍ട്ടിയെ ചതിച്ചത് സഹോദരിയാണെങ്കിലും ഒത്തുതീര്‍പ്പില്ല. പത്മജ മത്സരിച്ചാല്‍ നോട്ടയ്ക്കാണോ ബിജെപിക്കാണോ വോട്ട് കിട്ടുക എന്ന് കാണാമെന്നും മുരളീധരന്‍ പരിഹസിച്ചു.