ന്യൂഡല്‍ഹി: രാജ്യത്തെ വികസിത രാഷ്ട്രമാക്കി മാറ്റണമെന്ന പ്രധാനമന്ത്രിയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ശ്രമിക്കുമെന്ന് അനില്‍ ആന്റണി പറഞ്ഞു. കഴിഞ്ഞ ദിവസം ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയതായി ലഭിച്ച സ്ഥാനലബ്ദിയെ കുറിച്ചും വരാനിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചും അനില്‍ ആന്‍ണി മാധ്യമങ്ങളോട് സംസാരിച്ചു.
സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികമായ 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കിമാറ്റണമെന്ന സ്വപ്നത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് അനിൽ ആന്റണി പറഞ്ഞു. ‘പാര്‍ട്ടി നേതൃത്വം എനിക്ക് തന്ന പിന്തുണയ്ക്കും ആത്മവിശ്വാസത്തിനും നന്ദിയുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശിയ അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരോട് നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി’, അനില്‍ ആന്റണി പറഞ്ഞു.
പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വര്‍ഷമാണിത്. പാർട്ടിയെ വിജയിത്തിലെത്തിക്കുന്നതിനായി കഠിന ശ്രമത്തിലാണ് പ്രവർത്തകർ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാളും വലിയ ഭൂരിപക്ഷത്തില്‍ ബിജെപിയെ അധികാരത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഓരോ പ്രവര്‍ത്തകരെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പും വര്‍ഷാവസാനം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും ലക്ഷ്യമിട്ടാണ് ബിജെപിയുടെ സംഘടനയിലെ അഴിച്ചു പണി.
ശനിയാഴ്ചയാണ് കേന്ദ്രഭാരവാഹികളുടെ പട്ടിക പുറത്തുവിട്ടത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടി തയ്യാറെടുക്കുന്നതിനിടെയാണ് ഈ നീക്കം. എപി അബ്ദുള്ളക്കുട്ടി ദേശീയ ഉപാധ്യക്ഷ സ്ഥാനത്ത് തുടരും. 13 പേരാണ് ദേശീയ ഉപാധ്യക്ഷ സ്ഥാനത്തുള്ളത്. അരവിന്ദ് മേനോന്‍ ദേശീയ സെക്രട്ടറിയായി തുടരും. ബിജെപി ദേശീയ ഭാരവാഹികള്‍ കേരളത്തില്‍ നിന്നും മറ്റാരുമില്ല.