റിയാദ്: സൗദിയുമായി ബന്ധം പുനസ്ഥാപിക്കാനുള്ള വഴി എളുപ്പമുള്ളതല്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയുടെ സുരക്ഷാ വക്താവ്. ബന്ധം പുനസ്ഥാപിക്കാനായി സൗദി മുന്നോട്ട് വെക്കുന്ന ഫലസ്തീൻ അനുകൂല നിബന്ധനകൾ അംഗീകരിക്കാൻ ഇസ്രായേലിന് സാധ്യമാകുന്നതല്ല. യു.എസ് ബന്ധം പുനസ്ഥാപിക്കാൻ നടത്തുന്ന ശ്രമങ്ങൾക്കിടെയാണ് ഇസ്രായേൽ വക്താവിന്റെ പ്രതികരണം.
ഇസ്രായേൽ-പലസ്തീൻ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള വലിയ ചുവടുവെപ്പാകും സൗദിയുമായുള്ള ബന്ധം പുനസ്ഥാപിക്കുന്നതെന്ന് ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു. ഇതിന്റെ ചുവടു പിടിച്ച് ചില അറബ് രാജ്യങ്ങളുമായി ഇസ്രായേൽ ബന്ധം പുനസ്ഥാപിച്ചു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി സൗദി പല നീക്കങ്ങളും നടത്തിയത്. ചൈനയുമായി ബന്ധം ശക്തമാക്കൽ, റഷ്യയുമായി കൂടുതൽ അടുക്കൽ, ഇറാനുമായി പിണക്കം തീർക്കൽ, യമൻ യുദ്ധത്തിൽ വെടിനിർത്തൽ എന്നിവയെല്ലാം സൗദി നടപ്പാക്കി. ഇത് തിരിച്ചടിയുണ്ടാക്കിയത് യുഎസിനും ഇസ്രായേലിനുമാണ്.
സൗദി മുന്നോട്ട് വെച്ച പല കാര്യങ്ങളിലും ബൈഡൻ ഭരണകൂടം തിരിഞ്ഞു നിന്നതാണ് സൗദി കിരീടാവകാശിക്ക് കീഴിൽ ചരിത്രപരമായ നീക്കങ്ങൾക്ക് കാരണമായത്. ഇത് തിരിച്ചറിഞ്ഞ യു.എസ് ഇപ്പോൾ സൗദിയുമായി ബന്ധം ഊഷ്മളമാക്കാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി യു.എസ് വിദേശകാര്യ സെക്രട്ടറിയും, വിദേശകാര്യ വക്താവുമെല്ലാം കഴിഞ്ഞ മാസങ്ങളിൽ സൗദിയിലെത്തിയിരുന്നു.
സൗദിക്ക് യു.എസുമായി മികച്ച നയതന്ത്ര ബന്ധവും വ്യാപാര വാണിജ്യ ഇടപാടുമുണ്ട്. ഇത് ശക്തമായി നിലനിർത്തൽ സൗദിക്കും യു.എസിനും വിവിധ താൽപര്യങ്ങളിൽ നിർബന്ധമാണ്. ഇതിന്റെ ഭാഗമായുള്ള ചർച്ചയിൽ ഇസ്രായേലുമായി ബന്ധം പുനസ്ഥാപിക്കാൻ സൗദിയോട് യു.എസ് ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ പറയുന്നു. ഇതിന് സൗദി ചില ഉപാധികൾ വെച്ചതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. യുഎസ് സൗദി ചർച്ചക്ക് മുന്നോടിയായി മൊസാദ് മേധാവി യു.എസിലെത്തിയതായും യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
സൗദിയുമായി ബന്ധം പുനസ്ഥാപിക്കാതെ ഇസ്രായേലിന് ഫലസ്തീൻ വിഷയത്തിൽ പരിഹാരം സാധ്യമാകില്ല. ഇത് തിരിച്ചറിഞ്ഞാണ് പുതിയ യു.എസ് നീക്കങ്ങൾ. എന്നാൽ നിലവിലെ സാഹചര്യത്തിൽ സൗദിയുമായു ബന്ധം പുനസ്ഥാപിക്കാൻ ആഗ്രഹമുണ്ടെങ്കിലും സാധിക്കില്ലെന്ന സൂചനയാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ വക്താവ് പറയുന്നത്.
1967ലെ അതിർത്തികളോടെ ജെറുസലേം ആസ്ഥാനമായി ഫലസ്തീൻ രാജ്യം, അധിനിവേശ മേഖലകളിൽ നിന്ന് ഇസ്രയേൽ പിന്മാറുക എന്നീ ഉപാധികൾ പാലിക്കാതെ ഇസ്രായേലുമായി ബന്ധമുണ്ടാകില്ലെന്ന് സൗദി കിരീടാവകാശി ആവർത്തിച്ചിരുന്നു. ഇത് പാലിക്കുക ഇസ്രായേലിന് സാധ്യമാകില്ല. സൗദി ബന്ധം പുനസ്ഥാപിക്കാൻ ഇസ്രായേലിലെ തീവ്ര വലതു ഭരണകൂടം ഫലസ്തീൻ അനുകൂലമായി എന്തു തീരുമാനമെടുത്താലും പ്രതിപക്ഷം വിശ്വാസ വോട്ടടെടുപ്പിന് ആവശ്യപ്പെടും. ഈ സാഹചര്യം കൂടി കണക്കെലെടുത്താണ് ഇസ്രയേൽ വക്താവിന്റെ പ്രതികരണം. ജുഡീഷ്യൽ നയങ്ങളിൽ മാറ്റം വരുത്താനുള്ള ഇസ്രായേൽ ഭരണകൂടത്തിന്റെ നീക്കത്തിൽ എതിർപ്പിലാണ് യു.എസ്. എങ്കിലും പശ്ചിമേഷ്യയിലെ തന്ത്രപ്രധാന വിഷയമെന്ന നിലക്കാണ് വിഷയത്തിൽ വീണ്ടു യു.എസ് ഇടപെടൽ.