തിരുവനന്തപുരം: സ്പീക്കർ എ എൻ ഷംസീറിനെ പിന്തുണച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഷംസീർ പറഞ്ഞ വിഷയത്തിൽ മാപ്പും തിരുത്തുമില്ല. ഷംസീർ പറഞ്ഞത് മുഴുവൻ ശരിയാണെന്നും എം വി ഗോവിന്ദൻ നിലപാട് സ്വീകരിച്ചു. എൻ എസ് എസിനെ പരാമർശിക്കാതെയായിരുന്നു എം വി ഗോവിന്ദൻ്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. രാവിലെ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ നടത്തിയ പ്രതികരണങ്ങളോടും സിപിഐഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചില്ല.
എതെങ്കിലും മതത്തിനോ മത വിശ്വാസികള്‍ക്കോ എതിരായ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയല്ല സിപിഐഎം. ധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഷംസീറിന്റെ പ്രസംഗത്തിന്റെ പേരിലാണല്ലോ വിവാദം. അതിന്റെ പേരില്‍ ഗണപതി ക്ഷേത്രങ്ങളില്‍ പൂജ നടത്തുകയാണല്ലോ. പൂജ നടത്തുന്നത് നല്ലതാണ്. അമ്പലത്തില്‍ പോകാനുള്ള അവകാശത്തിനായി പോരാടുന്ന പ്രസ്ഥാനമാണ് സിപിഐഎം. എന്നാല്‍ ഇത് രാഷ്ട്രീയ ആയുധമാക്കുന്നതിലേക്ക് മാറുന്നില്ലേ എന്ന് സ്വയം പരിശോധിക്കണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
ഏതൊരും വിശ്വാസിക്കും അവിശ്വാസിക്കും ജനാധിപത്യപരമായ അവകാശങ്ങളുണ്ട്. ആ അവകാശങ്ങളുടെ സംരക്ഷണമാണ് സിപിഐഎമ്മിന്റെ നിലപാട്. പാര്‍ട്ടിക്ക് വിശ്വാസികളെ കുറിച്ച് കൃത്യതയാര്‍ന്ന നിലപാടുണ്ട്. കോണ്‍ഗ്രസുകാര്‍ നെഹ്‌റുവിനെ വായിക്കണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വിശ്വചരിത്രാവലോകം, ഇന്ത്യയെ കണ്ടെത്തല്‍ എന്നീ രണ്ട് പുസ്തകങ്ങള്‍ ചരിത്രപരമായ ഭൗതികവാദത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പുസ്തകങ്ങളാണ്. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായ നെഹ്‌റു മരിക്കും വരെ ഭൗതികവാദിയായിരുന്നു.
ബാബറി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് ഇന്ത്യയുടെ പ്രധാനമന്ത്രി പരികര്‍മ്മിയെപ്പോലെയിരുന്നു. ഇത് ഇന്ത്യയില്‍ ജനാധിപത്യപരമാണോ? പാര്‍ലമെന്റില്‍ ചെങ്കോല്‍ വെക്കുന്ന സ്ഥിതിയുണ്ടായി. മഹാത്മഹാ ഗാന്ധിയെ കുറിച്ചോ അദ്ദേഹത്തിന്റെ കൊലപാതകത്തെക്കുറിച്ചോ പഠിക്കാന്‍ പാടില്ല എന്നാണ്. ചരിത്രപരമായ മുഗള്‍ സാമ്രാജ്യത്തെക്കുറിച്ച് പഠിക്കാന്‍ പാടില്ല. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം പഠിപ്പിക്കാന്‍ പാടില്ല. ഇങ്ങനെയാണ് കാവിവത്കരണം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ഗണപതിയെ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ രൂപപ്പെടുത്തിയതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി 2014 ഒക്ടോബര്‍ 25ന് മുംബൈയിലെ റിലയന്‍സ് ഹോസ്പിറ്റല്‍ ഉദ്ഘാടനത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. പിന്നീട് ശാസ്ത്ര കോണ്‍ഗ്രസിലും പറഞ്ഞു. പുഷ്പക വിമാനം പണ്ടേ കണ്ടുപിടിച്ചതാണെന്നുവരെ പറഞ്ഞു. ഇത്തരം മിത്തുകളെ ചരിത്രത്തിന്റെ ഭാഗമായി മാറ്റാനാണ് ശ്രമിക്കുന്നത്. അത് തെറ്റായ പ്രചാരവേലയാണ്. മിത്തിന്റെ ഭാഗമായി ഇതെല്ലാം അവതരിപ്പിക്കാം, ചരിത്രമായി പറ്റില്ല.
പരശുരാമന്‍, ഗോകര്‍ണ്ണത്ത് കയറി ഒരു മഴു ചുഴറ്റിയപ്പോള്‍ അത് കന്യാകുമാരി വരെയെത്തിയെന്നും അതുവരെയുള്ള സ്ഥലം കടലുമാറി കരയായെന്നും പറയുന്നു. അത് കഴിഞ്ഞ് ആ കര പിന്നെ ബ്രാഹ്‌മണന് ഏല്‍പ്പിച്ചുവെന്നുമാണ് ഐതീഹ്യം. ബ്രാഹ്‌മണകാലത്താണോ കേരളമുണ്ടായത്? കേരളം അതിനും ആയിരക്കണക്കിന് വര്‍ഷം മുമ്പ് രൂപപ്പെട്ടതാണ്. ഫ്യൂഡല്‍ ജീര്‍ണ്ണതയുടെ ആശയതലം സ്വരൂപിക്കാനാണ് ഈ ഐതീഹ്യം ഉപയോഗിക്കുന്നത്. ഇതിനെ ശാസ്ത്ര പശ്ചാത്തലത്തെ ഉള്‍പ്പെടുത്തികൊണ്ട് എതിര്‍ത്ത ഒരു സന്യാസിയുണ്ടായിരുന്നു, ചട്ടമ്പി സ്വാമി. ശാസ്ത്രം ലോക വ്യാപകമായി വികാസം നേടിക്കൊണ്ടിരിക്കുകയാണ്. ആദ്യം ഭൂമി പരന്നതാണെന്ന് പഠിച്ചു, പിന്നീട് ഉരുണ്ടതാണെന്ന് പഠിച്ചില്ലേ. ശാസ്ത്ര കോണ്‍ഗ്രസില്‍ പ്രധാനമന്ത്രിയടക്കം പറഞ്ഞത് തെറ്റാണ്’, എം വി ഗോവിന്ദന്‍ പറഞ്ഞു.