തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പുതുപ്പള്ളിയിൽ മണിക്കൂറുകൾക്കുള്ളിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. മണ്ഡലത്തില്‍ യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 2021ൽ ഉമ്മൻചാണ്ടിക്ക് ലഭിച്ചതിനേക്കാൾ വലിയ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർഥി വിജയിക്കും. സർക്കാരിന്റെ പ്രവർത്തനങ്ങളുടെ വിലയിരുത്തലാകും ഉപതെരഞ്ഞെടുപ്പെന്നും വി ഡി സതീശൻ പറഞ്ഞു.
ജനങ്ങൾ മനസ്സാക്ഷിയുടെ കോടതിയിൽ സർക്കാരിനെ വിലയിരുത്തുന്ന തെരഞ്ഞെടുപ്പാകും പുതുപ്പള്ളിയിലേത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് സമാനമായി യുഡിഎഫിന്റെ മുഴുവൻ നേതാക്കളും പുതുപ്പള്ളിയിൽ എത്തുമെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇത്ര പെട്ടെന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചതിനെ തുടർന്ന് ഒഴിവ് വന്ന പുതുപ്പള്ളി നിയമസഭാമണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ അഞ്ചിന് നടക്കും. സെപ്റ്റംബർ എട്ടിനാണ് വോട്ടെണ്ണൽ നടക്കുക. നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17ന് ആണ്. സൂക്ഷ്മപരിശോധന ഓഗസ്റ്റ് 18ന് നടക്കും. നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 21 ആയിരിക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവന്നതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.