കൊച്ചി: എന്‍എസ്എസിന്റെ നാമജപയാത്രയ്ക്ക് എതിരായ പൊലീസ് നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ. അന്വേഷണം ഉള്‍പ്പടെയുള്ള എല്ലാ നടപടികളും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തടഞ്ഞു. എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍എസ്എസ് നല്‍കിയ ഹര്‍ജിയിലാണ് നടപടി. ഹര്‍ജി സെപ്തംബര്‍ രണ്ടാമത്തെ ആഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.
എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. നാലാഴ്ചത്തേക്കാണ് സ്റ്റേ. സമാധാനപരമായ പ്രതിഷേധം ജനാധിപത്യത്തിന്റെ ഭാഗമാണെന്നായിരുന്നു എന്‍എസ്എസിന്റെ വാദം. 2009ല്‍ ആസിയാന്‍ വ്യാപാര കരാറിനെതിരെ സിപിഐഎം നടത്തിയ മനുഷ്യ ചങ്ങലയ്ക്കെതിരെ പൊലീസ് കേസെടുത്തു. സിപിഐഎം ജനറല്‍ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ട് ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് എതിരെ ചുമത്തിയ കേസ് 2022ല്‍ ഹൈക്കോടതി റദ്ദാക്കി.
സമാധാനപരമായ പ്രതിഷേധം ജനാധിപത്യത്തിന്റെ ഭാഗമാണെന്നായിരുന്നു ആ കേസില്‍ ഹൈക്കോടതി നിരീക്ഷണം. ഈ നിരീക്ഷണമാണ് നാമജപയാത്ര കേസില്‍ എന്‍എസ്എസ് വാദമായി ഉയര്‍ത്തിയത്. ഈ വാദം അംഗീകരിച്ചാണ് എഫ്ഐആര്‍, കേസിലെ അന്വേഷണം ഉള്‍പ്പടെയുള്ള എല്ലാ നടപടികളും കോടതി തടഞ്ഞത്. ഓഗസ്റ്റ് രണ്ടിന് തിരുവനന്തപുരം പാളയം മുതല്‍ പഴവങ്ങാടി വരെയായിരുന്നു സ്പീക്കറുടെ മിത്ത് പരാമര്‍ശത്തില്‍ പ്രതിഷേധിച്ചുള്ള നാമജപഘോഷയാത്ര. സംഗീത് കുമാര്‍ ഒന്നാം പ്രതിയായി കണ്ടാലറിയാവുന്ന ആയിരം പേര്‍ക്കെതിരെയായിരുന്നു കേസെടുത്തത്.