തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വിണാ വിജയന്റെ മാസപ്പടി വിവാദം ഇഡിയും ഇന്റലിജൻസ് ബ്യൂറോയും അന്വേഷിക്കും. കൊച്ചി മിനറൽസ് ആൻഡ് റൂട്ടൈൽസ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് മൂന്ന് വർഷമായി മാസപ്പടി ഇനത്തിൽ 1.72 കോടി രൂപയാണ് വീണ വിജയൻ കൈപ്പറ്റിയത്. വീണയും സിഎംആറലുമായി നടത്തിയ പണമിടപാട് സംബന്ധിച്ച് ആദായ നികുതി വകുപ്പിന്റെ തർക്ക പരിഹാര സമിതി പുറത്തുവിട്ട കണ്ടെത്തലിനെ തുടർന്നാണ് ഇഡി അന്വേഷണം. വീണയുടെ കമ്പനിയായ എക്സാലോജിക്കിന്റെ സാമ്പത്തിക ഇടപാടുകളിലും ഇഡി അന്വേഷണം നടത്തുമെന്നാണ് വിവരം.
മാസപ്പടി ഇനത്തിൽ വീണാ വിജയൻ പണം കൈപ്പറ്റിയ വിവരം ആദായ നികുതി വകുപ്പ് കണ്ടെത്തിയ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് വിവാദത്തിന് തിരികൊളുത്തിയത്. പ്രമുഖ വ്യക്തിയുമായുളള ബന്ധം പരിഗണിച്ചാണ് സിഎംആർഎൽ വീണയ്‌ക്ക് പണം നൽകിയതെന്ന് ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയിരുന്നു.
വീണയും അവരുടെ സ്ഥാപനമായ എക്‌സാലോജിക്കുമായി 2016 ഡിസംബറിൽ ഐടി, മാർക്കറ്റിംഗ് കൺസൾട്ടൻസി സേവനങ്ങൾ ലഭിക്കാൻ സിഎംആർഎൽ കമ്പനി കരാറുണ്ടാക്കിയിരുന്നു. സോഫ്റ്റ്വെയർ സേവനങ്ങൾ ലഭിക്കുന്നതിനായി വീണയുടെ കമ്പനിയായ എക്‌സാലോജിക്കുമായി 2017 മാർച്ചിൽ മറ്റൊരു കരാറും ഉണ്ടാക്കി. 2017-20 കാലയളവിൽ മൊത്തം 1.72 കോടി രൂപയാണ് വീണയ്‌ക്കും എക്സാലോജിക്കിനുമായി ലഭിച്ചത്. ഇതിൽ 55 ലക്ഷം രൂപ വീണയ്‌ക്ക് മാത്രമായി കമ്പനി നൽകിയതാണ്.
എന്നാൽ ഈ തുക നൽകിയതിന് പകരം കരാർ പ്രകാരമുള്ള സേവനങ്ങളെന്തെങ്കിലും ലഭിച്ചതായി അറിയില്ലെന്ന് സിഎംആർഎല്ലിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫിസർമാർ മൊഴി നൽകി. ഈ മൊഴി പിൻവലിക്കാനായി കമ്പനി പിന്നീട് സത്യവാങ്മൂലത്തിലൂടെ ശ്രമിച്ചു. ബിസിനസ് ചെലവുകൾക്കു പണം നൽകുന്നത് ആദായനികുതി നിയമപ്രകാരം അനുവദനീയമാണ്. എന്നാൽ, വീണയ്‌ക്കും കമ്പനിക്കും വേണ്ടി നടത്തിയ പണമിടപാട് നിയമവിരുദ്ധമാണെന്ന ആദായനികുതി വകുപ്പിന്റെ വാദം ബെഞ്ച് അംഗീകരിക്കുകയായിരുന്നു.