കോട്ടയം: സഭാതർക്കത്തിൽ ഏഴുവർഷമായി സർക്കാർ ഒന്നും ചെയ്തില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിഷയം എം വി ഗോവിന്ദൻ വീണ്ടും എടുത്തിട്ടത് ഭിന്നിപ്പുണ്ടാക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. ഇത് ബിജെപി രീതിയാണ്. സഭാ തർക്കം ശാശ്വതമായി പരിഹരിക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്. ഇതുസംബന്ധിച്ച് യാക്കോബായ സഭാ പ്രതിനിധികളുമായി ചർച്ച നടത്തി.
പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസ് എൻഎസ്എസ് ആസ്ഥാനത്തെത്തി ജി സുകുമാരൻ നായരെ കണ്ടതിനെയും പ്രതിപക്ഷനേതാവ് വിമർശിച്ചു. സിപിഐഎമ്മിന് നിന്നനിൽപ്പിൽ നിറംമാറ്റം സംഭവിക്കുമെന്ന് അദ്ദേഹം പരിഹസിച്ചു. കഴിഞ്ഞ ആഴ്ചയിൽ എ കെ ബാലന്റെ പ്രതികരണം ഇങ്ങനെയായിരുന്നില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് മറ്റൊരു നിലപാടായിരുന്നുവെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. ഉമ്മൻചാണ്ടിയെ മായ്ച്ചുകൊണ്ട് തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്താനാകില്ല.
ജീവിതകാലം മുഴുവൻ ഉമ്മൻചാണ്ടിയെയും കുടുംബത്തെയും വേട്ടയാടിയ സിപിഐഎം അത് തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് സോഷ്യൽ മീഡിയയിലെ വേട്ടയാടൽ. യുഡിഎഫ് രാഷ്ട്രീയം പറഞ്ഞുതന്നെ തിരഞ്ഞെടുപ്പിനെ നേരിടും. ജനജീവിതം ദുസഹമാക്കിയ സർക്കാരിനെതിരെ യുഡിഎഫ് സംസാരിക്കുമെന്നും പുതുപ്പള്ളിയിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.