എറണാകുളം: എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രതിഷേധക്കാരായ വൈദികർക്കും വിശ്വാസികൾക്കും വിമർശനവുമായി വത്തിക്കാൻ പ്രതിനിധി മാർ സിറിൽ വാസൽ. സിനഡ് തീരുമാനം അനുസരിച്ചുള്ള കുർബാന അർപ്പണ രീതി തടയുന്നത് ഇരുണ്ട ശക്തികളാണ്. പ്രതിഷേധക്കാർ മാർപാപ്പയുടെ കൂടെയാണോ അതോ എതിരാണോ എന്നും മാർ സിറിൽ വാസൽ ചോദിച്ചു.
എറണാകുളം അങ്കമാലി അതിരൂപതയിലെ സ്ഥിതിഗതികളിൽ മാർപാപ്പയ്ക്ക് ഉത്കണ്ഠയെന്നും മാർ സിറിൽ വാസിൽ പറഞ്ഞു. ഏകീകൃത കുർബാന നടപ്പാക്കണമെന്ന് മാർപ്പാപ്പ ആവശ്യപ്പെട്ടു. വിശ്വാസികൾ കത്തോലിക്കാ സഭയിലും മാർപാപ്പയിലും അടിയുറച്ചു നിൽക്കണം. സഭയോടും ഇടയന്മാരോടും അനുസരണക്കേടിലേക്ക് നയിക്കുന്ന കുഴപ്പക്കാരുടെ ശബ്ദത്തിന് മുൻഗണന നൽകരുത്. വിഷയത്തിൽ അനന്തമായ ചർച്ച ഇനി സാധ്യമല്ലെന്നും വത്തിക്കാൻ പ്രതിനിധി പറഞ്ഞു.
എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം ഉൾപ്പടെയുള്ള വിഷയങ്ങൾ പഠിക്കാൻ വേണ്ടിയാണ് വത്തിക്കാൻ പ്രത്യേക പ്രതിനിധിയെ നിശ്ചയിച്ചിരിക്കുന്നത്. ഏകീകൃത കുർബാന നടത്താനുള്ള സിനഡ് നിർദ്ദേശം അതിരൂപതയിലെ വൈദികരും വിശ്വാസികളും നിരസിച്ചിരുന്നു. ഇന്നലെ എറണാകുളം സെന്‍റ് മേരീസ് ബസലിക്കപ്പള്ളിയിൽ കുർബാന നടത്തൻ ശ്രമിച്ചിരുന്നു. എന്നാൽ അൾത്താരയിലടക്കം സംഘർഷമുണ്ടായി.
കുർബാന തർക്കത്തിൽ എട്ട് മാസമായി അടഞ്ഞ് കിടക്കുന്ന പള്ളിയാണ് ഇന്നലെ തുറന്നത്. വീണ്ടും പ്രതിഷേധം രൂക്ഷമായതിന് പിന്നാലെയാണ് അടിയന്തര പ്രശ്നപരിഹാരത്തിന് വത്തിക്കാൻ പ്രതിനിധിയെ അയച്ചത്. ആർച്ച് ബിഷപ് സിറിൽ വാസിൽ നൽകുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും വത്തിക്കാനിൽ നിന്നുള്ള പ്രശ്ന പരിഹാര നിർദ്ദേശം ഉണ്ടാകുക.