ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യാ മുന്നണിയെ നയിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തന്നെയാണ് മികച്ചതെന്ന് ഇന്ത്യാ ടുഡേ മൂഡ് ഓഫ് ദ നാഷന്‍ സര്‍വ്വേ. പ്രതിപക്ഷത്തെ ആര് നയിക്കണമെന്ന ചോദ്യത്തിന് 21 ശതമാനം പേരും രാഹുല്‍ ഗാന്ധിക്കാണ് വോട്ട് ചെയ്തത്. ഡല്‍ഹി മുഖ്യമന്ത്രിയും ആപ്പ് കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിനും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിക്കും 16 ശതമാനം പേരുടെ പിന്തുണ ലഭിച്ചു.
അതേസമയം ഇന്‍ഡ്യാസഖ്യത്തിന്റെ കണ്‍വീനറും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെ പിന്തുണച്ചവര്‍ താരതമ്യേനെ കുറവാണ്. 6 ശതമാനം പിന്തുണയാണ് ഖർഗെക്ക് ലഭിച്ചത്. 2023 ആഗസ്റ്റില്‍ സംഘടിപ്പിച്ച സര്‍വ്വേയില്‍ രാഹുല്‍ ഗാന്ധിക്ക് ലഭിച്ച പിന്തുണ 24 ശതമാനമാണെങ്കില്‍ ഇത്തവണ അതില്‍ രണ്ട് ശതമാനത്തിന്റെ ഇടിവ് വന്നു. എന്നാല്‍ മമതയുടെയും കെജ്രിവാളിന്റെയും പിന്തുണയില്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2023 ലെ ആഗസ്റ്റില്‍ സര്‍വ്വെയില്‍ ഇരുവര്‍ക്കും 15 ശതമാനം പിന്തുണയാണ് ലഭിച്ചത്.
32 ശതമാനം വോട്ടര്‍മാര്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ലോക്സഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്ന് അഭിപ്രായപ്പെട്ടു. 25 ശതമാനം പേര്‍ യാത്ര വലിയ രാഷ്ട്രീയ നീക്കമാണെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 20 ശതമാനം പേര്‍ ഗാന്ധി ജനശ്രദ്ധ നേടുമെന്നും അഭിപ്രായപ്പെട്ടു.