ന്യൂഡൽഹി: രാജ്യത്തെ എല്ലാ സ്ഥാപനങ്ങളുടെയും തലപ്പത്ത് ആർ.എസ്.എസ് സ്വന്തം ആളുകളെ നിയോഗിച്ചിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി. എല്ലാം നിയന്ത്രിക്കുന്നത് ആർ.എസ്.എസ് ആണ്. ഏതെങ്കിലും കേന്ദ്രമന്ത്രിയോട് നിങ്ങൾ ചോദിച്ചാൽ താനല്ല തന്റെ മന്ത്രാലയം നിയന്ത്രിക്കുന്നതെന്ന് അവർ പറയും. ആർ.എസ്.എസ് നിയോഗിച്ച ആളുകളാണ് ഈ മന്ത്രാലയങ്ങളിൽ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും രാഹുൽ ഗാന്ധി ലഡാക്കിൽ പറഞ്ഞു.
ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച ശേഷം ആദ്യമായാണ് രാഹുൽ ലഡാക്കിലെത്തുന്നത്. വെള്ളിയാഴ്ച ലഡാക്കിൽ നടന്ന യുവസംഗമത്തിൽ രാഹുൽ ഗാന്ധി സംസാരിച്ചു. 1947ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു. സ്വാതന്ത്രത്തിന്റെ ഏകീകരണം എന്നത് നമ്മുടെ ഭരണഘടനയാണ്. ഭരണഘടന ഒരു കൂട്ടം നിയമങ്ങളാണ്. ഭരണഘടനയുടെ കാഴ്ചപ്പാടിനെ പിന്തുണക്കുന്ന സ്ഥാപനങ്ങൾ ഉണ്ടാക്കുകയാണ് ഭരണഘടന പ്രാവർത്തികമാക്കാൻ ചെയ്യേണ്ടത്. എന്നാൽ എല്ലാ സംവിധാനങ്ങളുടെയും തലപ്പത്ത് തങ്ങളുടെ സ്വന്തം ആളുകളെ നിയമിക്കുകയാണ് ബി.ജെ.പിയും ആർ.എസ്.എസും ചെയ്യുന്നതെന്നും രാഹുൽ പറഞ്ഞു.
ലഡാക്കിലെ പാംഗോങിലേക്കുള്ള ബൈക്ക് യാത്രയുടെ ചിത്രങ്ങൾ രാഹുൽ ഗാന്ധി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. രാജീവ് ഗാന്ധിയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് രാഹുലിന്റെ യാത്ര. ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലമെന്ന് പിതാവ് വിശേഷിപ്പിക്കുമായിരുന്ന പാംഗോങ് തടാകത്തിലേക്ക് എന്ന് ചിത്രങ്ങൾക്കൊപ്പം രാഹുൽ കുറിച്ചു. തടയാനാവാതെ മുന്നോട്ട് എന്ന കുറിപ്പുമായി കോൺഗ്രസിന്റെ ഔദ്യോഗിക എക്‌സ് ഹാൻഡിലും ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.