തൃശൂർ: ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിടാൻ തൃശൂർ ഡി സി സിയിൽ തയ്യാറാക്കിയ പ്രത്യേക ‘വാർ റൂം’, മുൻ നിയമസഭ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇൻകാസ് ദുബൈ തൃശൂർ ജില്ലാ കമ്മിറ്റിയാണ് തൃശൂർ വാർ റൂമിന് സാങ്കേതിക പിന്തുണ നൽകിയിരിക്കുന്നത്. ഇതാദ്യമായാണ് കെ പി സി സിയുടെ പ്രവാസ പോഷക സംഘടനയായ ഇൻകാസിന്റെ നേതൃത്വത്തിൽ ഇത്തരമൊരു സംവിധാനം സംസ്ഥാനത്ത് നടപ്പിലാക്കുന്നത്.
വോട്ട് ചേർക്കൽ നടപടികൾക്കായി ഡിജിറ്റൽ സംവിധാനമൊരുക്കുന്നതിനായി 15 ഗൂഗിൾ ക്രോം ബുക്കുകൾ, ഇൻകാസ് ദുബൈ തൃശൂർ ജില്ലാ കമ്മിറ്റി പ്രതിനിധികളായ തസ്‌ലിം കരീം, രഞ്ജിത്ത്, ജലീൽ, നീലോഫർ എന്നിവർ ചേർന്ന് കൈമാറി.
തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ 14 ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾക്കും ഡി സി സി ഓഫീസിനുമായി ഗൂഗിൾ ക്രോം ബുക്കുകൾ ടി എൻ പ്രതാപൻ എം പി വിതരണം ചെയ്തു. ഡി സി സി പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷനായിരുന്നു.
യു ഡി എഫ് ചെയർമാൻ എം പി വിൻസെന്റ്, ഒ അബ്ദുൽറഹ്മാൻകുട്ടി, ടി വി ചന്ദ്രമോഹൻ, സി സി ശ്രീകുമാർ, രവി ജോസ് താണിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.