Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsചന്ദ്രയാൻ; ചരിത്രം തിരുത്തി ഇന്ത്യ; അഭിമാനമായി ഐ.എസ്.ആർ.ഒ

ചന്ദ്രയാൻ; ചരിത്രം തിരുത്തി ഇന്ത്യ; അഭിമാനമായി ഐ.എസ്.ആർ.ഒ

ബംഗളൂരു: 139 കോടി ഇന്ത്യക്കാരുടെ സ്വപ്നം സാക്ഷാത്കരിച്ച് ചന്ദ്രയാൻ മൂന്ന് പേടകം രഹസ്യങ്ങളുടെ കലവറയായ ചന്ദ്രന്‍റെ മണ്ണിൽ കാലുകുത്തി. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ മൂന്ന് അതിസങ്കീർണമായ സോഫ്റ്റ് ലാൻഡിങ് വിജയകരമായി നടത്തിയത്. 40 ദിവസം നീണ്ട ദൗത്യത്തിലൂടെ ബഹിരാകാശ ചരിത്രമാണ് ഇന്ത്യയും ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐ.എസ്.ആർ.ഒയും തിരുത്തി കുറിച്ചത്. ഇതോടെ ദക്ഷിണ ധ്രുവത്തിൽ പേടകത്തെ ഇറക്കിയ ആദ്യ രാജ്യമായി ഇന്ത്യ. കൂടാതെ, അമേരിക്കക്കും സോവിയറ്റ് യൂണിയനും ചൈനക്കും പിന്നാലെ ചന്ദ്രനിൽ ഒരു പേടകത്തെ ഇറക്കുന്ന നാലാമത്തെ രാജ്യവുമായി ഇന്ത്യ.

2023 ജൂലൈ 14നാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ മൂന്ന് കുതിച്ചുയർന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണതറയിൽ നിന്നും എൽ.വി.എം 3 റോക്കറ്റിലായിരുന്നു പേടകത്തിന്‍റെ യാത്ര. ഭൂമിയിൽ നിന്ന് 3,84,000 കിലോമീറ്റർ അകലെയുള്ള ചന്ദ്രനിൽ ഇറങ്ങുകയായിരുന്നു യാത്രയുടെ ലക്ഷ്യം.

40 ദിവസം കൊണ്ട് ആദ്യം ഭൂമിയുടെയും പിന്നീട് ചന്ദ്രന്‍റെയും ഭ്രമണപഥത്തിൽ ചന്ദ്രയാൻ മൂന്ന് വലംവെച്ചു. ഭൂമിയെ 17 ദിവസം വലംവച്ച പേടകം ലാം എൻജിന്‍ ജ്വലിപ്പിച്ച് അഞ്ച് തവണ ഭ്രമണപഥം വലുതാക്കി. ഇതോടെ ഭൂമിക്ക് 226 കിലോമീറ്റർ അടുത്തും 41,603 കിലോമീറ്റർ അകലെയുമായി വലംവെച്ചിരുന്ന പേടകത്തെ 1,27,609 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിച്ചു.

ഭൂമിയുടെ ഗുരുത്വാകർഷണ വലയം ഭേദിച്ച പേടകത്തെ ആഗസ്റ്റ് ഒന്നിന് ലിക്വുഡ് പ്രൊപ്പൽഷൻ എൻജിൻ പ്രവർത്തിപ്പിച്ച് ട്രാൻസ് ലൂണാർ ഓർബിറ്റിലേക്ക് മാറ്റി. തുടർന്നുള്ള നാലു ദിവസം ലൂണാർ ട്രാൻഫർ ട്രജക്ടറിയിലൂടെയായിരുന്നു പേടകത്തിന്‍റെ ചന്ദ്രനിലേക്കുള്ള യാത്ര. ചന്ദ്രന്‍റെ ഗുരുത്വാകർഷണ വലയത്തിൽ ആഗസ്റ്റ് അഞ്ചിനാണ് ചന്ദ്രയാൻ മൂന്ന് പ്രവേശിച്ചത്.

തുടർന്ന് 164 കിലോമീറ്റർ അടുത്തും 18074 കിലോമീറ്റർ അകലെയുമുള്ള ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ പേടകം വലംവെക്കാൻ തുടങ്ങി. ഇതിനിടെ ചന്ദ്രന്‍റെ ഏറ്റവും പുതിയ ദൃശ്യങ്ങൾ പേടകത്തിലെ കാമറ പകർത്തി. തുടർന്നുള്ള ദിവസങ്ങളിൽ ഘട്ടംഘട്ടമായി പേടകത്തിന്‍റെ ഭ്രമണപഥം താഴ്ത്തി. ഇതോടെ 17 ദിവസം ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ വലംവെച്ച ചന്ദ്രയാന്‍ മൂന്ന് ചന്ദ്രന്‍റെ 153 കിലോമീറ്റർ അടുത്തെത്തി.

33 ദിവസങ്ങൾക്ക് ശേഷം ആഗസ്റ്റ് 17ന് പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ലാൻഡർ മൊഡ്യൂൾ വേർപെട്ടു. തുടർന്ന് പ്രൊപ്പൽഷൻ മൊഡ്യൂൾ ഒറ്റക്ക് ചന്ദ്രനെ വലംവെക്കുന്നത് തുടരുകയും ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങാനുള്ള ശ്രമവും തുടങ്ങി. ചന്ദ്രനിൽ ഇറങ്ങുന്നതിനായി ലാൻഡറിന്‍റെ വേഗത കുറക്കുന്ന ഡീ ബൂസ്റ്റിങ് പ്രക്രിയ ആഗസ്റ്റ് 18നും 20നും നടന്നു. ഇതോടെ ലാൻഡർ 25 കി​ലോ​മീ​റ്റ​ർ അടുത്തും 134 കി​ലോ​മീ​റ്റ​ർ അകലെയു​മു​ള്ള ഭ്ര​മ​ണ​പ​ഥ​ത്തിലെത്തി.

ആഗസ്റ്റ് 23ന് ഭ്ര​മ​ണ​പ​ഥ​ത്തി​ൽ ച​ന്ദ്ര​ന് ഏ​റ്റ​വും അ​ടു​ത്തെ​ത്തിയതോടെ ച​ന്ദ്ര​ന് തി​ര​ശ്ചീ​ന​മാ​യി സ​ഞ്ച​രിച്ച ​ലാ​ൻ​ഡ​ർ മൊ​ഡ്യൂ​ളിനെ ത്ര​സ്റ്റ​ർ എ​ൻ​ജി​നു​ക​ൾ പ്രവർത്തിപ്പിച്ച് ലം​ബ​മാ​ക്കി മാറ്റി. ​തുടർന്ന് മൊ​ഡ്യൂ​ളി​ലെ ത്ര​സ്റ്റ​ർ എ​ൻ​ജി​നു​ക​ൾ എതിർ ദി​ശ​യി​ൽ ജ്വ​ലി​പ്പി​ച്ച് വേ​ഗം നി​യ​ന്ത്രി​ച്ച് ലാ​ൻ​ഡ​ർ ച​ന്ദ്ര​ന്റെ ദ​ക്ഷി​ണ ധ്രു​വ​ത്തി​ൽ സോ​ഫ്റ്റ് ലാ​ൻ​ഡി​ങ് (മൃ​ദു ഇ​റ​ക്കം) ന​ട​ത്തി.

ഭൂമിയിലെ 14 ദിവസത്തിന് സമാനമാണ് ഒരു ചാന്ദ്രദിനം. സൗരോർജത്തിൽ 738 വാട്ട്സിലും 50 വാട്ട്സിലും പ്രവർത്തിക്കുന്ന ലാൻഡറിന്‍റെയും റോവറിന്‍റെയും ആയുസ് ഒരു ചാന്ദ്രദിനം മാത്രമാണ്. ഈ 14 ദിവസമാണ് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ ലാൻഡറും റോവറും പരീക്ഷണം നടത്തുക.

2008ലും 2019ലും രണ്ട് ചാന്ദ്രാദൗത്യങ്ങൾക്ക് ഐ.എസ്.ആർ.ഒ നേതൃത്വം നൽകിയിട്ടുണ്ട്. 100 ശതമാനം വിജയമായിരുന്ന ചന്ദ്രയാൻ ഒന്ന് ദൗത്യത്തിലൂടെ ചന്ദ്രനിലെ ജലസാന്നിധ്യത്തെ കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ ശാസ്ത്രലോകത്തിന് ലഭിച്ചു. സോഫ്റ്റ് ലാൻഡിങ് പരാജയം മാറ്റിനിർത്തിയാൽ 95 ശതമാനം വിജയമാണ് ചന്ദ്രയാൻ രണ്ട് ദൗത്യം സമ്മാനിച്ചത്. ചന്ദ്രന്‍റെ 100 കിലോമീറ്റർ ചുറ്റളവിൽ വലംവെച്ച ചന്ദ്രയാൻ രണ്ട് ഓർബിറ്റർ ചന്ദ്രന്‍റെ ഏറ്റവും ചിത്രങ്ങളും ശാസ്ത്രീയ വിവരങ്ങളും ശേഖരിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com