തിരുവനന്തപുരം: സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വി മുരളീധരന്‍. സര്‍ക്കാരിന്റെ കഴിവുകേടും ധൂര്‍ത്തുമാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് വി മുരളീധരന്‍ ആരോപിച്ചു. അതില്‍ കേന്ദ്രത്തെ പഴിചാരിയിട്ട് കാര്യമില്ല. പിരിക്കേണ്ട പണം പിരിക്കുന്നതില്‍ സംസ്ഥാനത്തിന് വീഴ്ച പറ്റിയെന്നും അദ്ദേഹം വിമര്‍ശിച്ചു.
എം ബി രാജേഷ് പറഞ്ഞ കണക്ക് എങ്ങനെ കിട്ടി എന്നറിയില്ല. 35,000 കോടി കടമെടുത്തു. നിയമപരമായ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ അല്ലാതെ നികുതി വെട്ടി കുറച്ചെങ്കില്‍ അത് തുറന്നുപറയണം 40,000 കോടി കണക്ക് എവിടെ നിന്ന് വന്നുവെന്നും മുരളീധരന്‍ ചോദിച്ചു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ജനങ്ങളെ പരിഹസിക്കുന്ന സമീപനമാണ് സിപിഐഎമിന്റേതെന്നും മുരളീധരന്‍ പറഞ്ഞു. സഹകരണമന്ത്രി തട്ടിപ്പിന് നേതൃത്വം നല്‍കി. മാന്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നയാളെങ്കില്‍ എന്തിന് ബിനാമി പേരില്‍ വായ്പ എടുത്തു?, ഇഡി വേട്ടയാടുന്നു എന്നത് വ്യാജപ്രചരണമാണ്. ഇരവാദത്തിലൂടെ അധികകാലം ജനങ്ങളെ കബളിപ്പിക്കാന്‍ സാധിക്കില്ലെന്നും മുരളീധരന്‍ പ്രതികരിച്ചു.
മാസപ്പടി വിവാദത്തില്‍ നികുതി അടച്ചോ എന്നതല്ല ചോദ്യമെന്ന് പറഞ്ഞ മുരളീധരന്‍, എം വി ഗോവിന്ദന്റെ മറുപടി ജനങ്ങളെ പരിഹസിക്കുന്നതാണെന്നും വിമര്‍ശിച്ചു. മുന്‍ മന്ത്രി കെ കെ ശൈലജയുടെ ആത്മകഥ സിലബസില്‍ ഉള്‍പ്പെടുത്തിയ വിഷയത്തില്‍, കേരളത്തിലെ സര്‍വ്വകലാശാലകളെ എകെജി സെന്ററിന്റെ എകെജി സെന്ററിന്റെ സ്റ്റഡി സെന്ററാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നായിരുന്നു വി മുരളീധരന്റെ പ്രതികരണം.