ഓണപ്പാട്ട് പാടി കേരളത്തിന്‍റെ മരുമകളായി മാറി കാനഡക്കാരി സെറാ ട്രുഡേല്‍. പാലക്കാട് വെമ്പല്ലൂര്‍ സ്വദേശി സിജുവുമായുള്ള വിവാഹത്തിന് മുന്‍പ് മലയാളം പഠിക്കണമെന്ന സെറായുടെ ആഗ്രഹമാണ് യാഥാര്‍ഥ്യമായത്. ഉത്രാടനാളില്‍ ബന്ധുക്കളെ സാക്ഷിനിര്‍ത്തി ഇരുവര്‍ക്കും പ്രണയസാഫല്യം.
എന്നാല്‍ ഓണപ്പാട്ടിലെ ഈ വഴക്കം സെറാ ട്രുഡേലിന് ഒറ്റ ദിവസം കൊണ്ടുണ്ടായതല്ല. മലയാളത്തിനോടുള്ള ഇഷ്ടവും കരുതലുമെല്ലാം ആഴത്തില്‍ വേരൂന്നിയതിന് ശേഷമാണ്. നിരന്തര ശ്രമത്തിലൂടെ പാട്ടും വരികളും ഹൃദിസ്ഥമാക്കുകയായിരുന്നു സെറാ. സിജുവിനോടുള്ള പ്രണയം പിന്നീട് ദൈവത്തിന്‍റെ സ്വന്തം നാടിനോടും കൂടിയായി. വിവാഹം മലയാള മണ്ണില്‍ വെച്ച് തന്നെയാകണമെന്ന സെറായുടെ ആഗ്രഹവും ഒടുവില്‍ സഫലമായി.
രണ്ടരവര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഓണനാളിലെ ഈ പ്രണയ സാഫല്യം. വിദേശികളും സ്വദേശികളുമായ നിരവധി ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. കൂടാതെ ഓണക്കാലത്തെ പാട്ടും ഓണക്കളികളുമെല്ലാം ആസ്വദിക്കാനുള്ള ആകാംഷയിലാണ് സെറാ.
കാനഡയില്‍ എന്‍ജിനീയറിങ് മാനേജ്മെന്‍റ് വിഭാഗത്തിലാണ് സിജുവിന് ജോലി. നഴ്സാണ് സെറാ. നന്മകളാല്‍ സമൃദ്ധമായ നാട്ടിന്‍പുറത്തെ ഓണക്കാഴ്ചകളെല്ലാം ആസ്വദിച്ച ശേഷമായിരിക്കും ഇരുവരും കാനഡയിലേക്ക് മടങ്ങുക.