കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ കല്ലറ ലോക്സഭാ തെരഞ്ഞെടുപ്പ് കാലമായപ്പോള്‍ വീണ്ടും ‘രാഷ്ട്രീയ തീർഥാടന കേന്ദ്ര’മായി മാറി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കഴിയുംവരെ ജനത്തിരക്ക് അനുഭവപ്പെട്ടിരുന്ന സെന്റ് ജോർജ് വലിയപള്ളിയിലെ കല്ലറയിൽ കുറച്ചുനാളായി അധികമാരും എത്തിയിരുന്നില്ല.
എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ മുന്നണി വ്യത്യാസമില്ലാതെ പ്രാര്‍ഥനക്കായി സ്ഥാനാർഥികളും അണികളും വീണ്ടും എത്തിത്തുടങ്ങി. വടകരയില്‍ യു.ഡി.എഫിനുവേണ്ടി അട്ടിമറി പ്രതീക്ഷയോടെ മത്സരരംഗത്തിറങ്ങിയ ഷാഫി പറമ്പില്‍ കല്ലറയിൽ എത്തി അനുഗ്രഹം തേടിയ ശേഷമാണ് പ്രചാരണം തുടങ്ങിയത്. താൻ എം.എൽ.എയുൾപ്പെടെ സ്ഥാനങ്ങളിൽ എത്തിയതിന് പിന്നിലെ ആദ്യപേരുകളിലൊന്ന് ഉമ്മൻ ചാണ്ടിയാണെന്ന് ഷാഫി അനുസ്മരിച്ചു.
യു.ഡി.എഫ് സ്ഥാനാർഥികളായ മാവേലിക്കരയിലെ കൊടിക്കുന്നില്‍ സുരേഷ്, കോട്ടയത്തെ ഫ്രാൻസിസ് ജോര്‍ജ്, പത്തനംതിട്ടയിലെ ആന്റോ ആന്റണി, കോഴിക്കോട്ടെ എം.കെ. രാഘവൻ എന്നിവരും പുതുപ്പള്ളിയിലെത്തി പ്രിയനേതാവിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ ആദരമര്‍പ്പിച്ചു.