ന്യൂഡൽഹി: ജി20 ഉച്ചകോടിയ്‌ക്ക് തയ്യാറെടുത്ത് രാജ്യതലസ്ഥാനം. ഉച്ചകോടിയുടെ പ്രധാന വേദിയായ പ്രഗതി മൈതാനിലെ ഭാരത് കൺവെൻഷൻ സെന്ററിൽ ഒരുക്കങ്ങൾ പൂർത്തിയായി. ഡൽഹിയിലെ പ്രധാന വേദിയിലും, വിമാനത്താവളത്തിലും, വിദേശപ്രതിനിധികൾക്കുള്ള താമസസ്ഥലങ്ങളിലും പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഉച്ചകോടിയ്‌ക്ക് മുന്നോടിയായുള്ള ഫിനാൻസ്, സെൻട്രൽ ബാങ്ക് പ്രതിനിധികളുടെ യോഗം ഡൽഹിയിൽ പുരോഗമിക്കുകയാണ്.
ഉച്ചകോടിയുടെ ഭാഗമായുള്ള നിയന്ത്രണങ്ങൾ സംബന്ധിച്ച് ഡൽഹി പോലീസ് മാർഗ്ഗനിർദ്ദേശം നേരത്തെ പുറത്തിറക്കിയിരുന്നു. പ്രഗതി മൈതാനത്തും പരിസരങ്ങളിലും 35 അഗ്‌നിശമന വാഹനങ്ങളും 500 സേനാംഗങ്ങളെയും വിന്യസിക്കുമെന്ന് ഡൽഹി ഫയർ സർവീസ് ഡയറക്ടർ അതുൽ ഗാർഗ് അറിയിച്ചു. മഴ പെയ്താൽ രാജ്ഘട്ടിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത് തടയാൻ 4 ആധുനിക പമ്പിങ് മെഷീനുകൾ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ വിമാനത്താവളം മുതൽ പ്രഗതി മൈതാൻ വരെയുള്ള പ്രധാന കേന്ദ്രങ്ങളിലെല്ലാം അഗ്‌നിരക്ഷാസേന നിലയുറപ്പിക്കും. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനു മോക് ഡ്രില്ലുകൾ സംഘടിപ്പിച്ചതായും ഫയർ സർവീസ് ഡയറക്ടർ വ്യക്തമാക്കി.
സെപ്റ്റംബർ 9-നും 10-നുമാണ് ജി20 ഉച്ചകോടി നടക്കുക. അന്നേദിവസം ന്യൂഡൽഹി ജില്ലാ പരിധിയിൽ ഓൺലൈൻ ഫുഡ് ഡെലിവറി നിരോധിച്ചതായി ഡൽഹി പോലീസ് അറിയിച്ചു. വസ്ത്രം, മറ്റ് വസ്തുക്കൾ എന്നിവയുടെ ഓൺലൈൻ വിതരണവും രണ്ടു ദിവസത്തേക്ക് തടസ്സപ്പെടും. എന്നാൽ മരുന്നുകളുടെ വിതരണം തടയില്ല. അടിയന്തര സേവനങ്ങൾക്ക് പ്രത്യേക അനുമതി നൽകിയിട്ടുണ്ടെന്നും ട്രാഫിക് സ്‌പെഷൽ കമ്മിഷണർ എസ്.എസ്.യാദവ് പറഞ്ഞു. സുപ്രീംകോടതി സ്റ്റേഷൻ ഒഴികെയുള്ള മെട്രോ സ്റ്റേഷനുകളിൽ നിയന്ത്രണങ്ങളുണ്ടാവില്ലെന്നും അദ്ദേഹം അറിയിച്ചു.
ന്യൂഡൽഹി ജില്ലയിൽ ഹോട്ടലുകളിൽ മുറി ബുക്ക് ചെയ്തവർക്കും വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കും രേഖകൾ പരിശോധിച്ച് പ്രവേശനാനുമതി നൽകും. യാത്രാരേഖകൾ, ഹോട്ടൽ മുറി ബുക്ക് ചെയ്തതിന്റെ രേഖകൾ എന്നിവ പരിശോധിച്ചാകും അനുമതി നൽകുകയെന്നും സ്‌പെഷൽ കമ്മിഷണർ വ്യക്തമാക്കി.