Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപുതിയ ലോകക്രമം നിയന്ത്രിക്കുന്നതില്‍ ഇന്ത്യയ്ക്ക് നിര്‍ണായക പങ്കെന്ന് ഡോ. മന്‍മോഹന്‍ സിംഗ്

പുതിയ ലോകക്രമം നിയന്ത്രിക്കുന്നതില്‍ ഇന്ത്യയ്ക്ക് നിര്‍ണായക പങ്കെന്ന് ഡോ. മന്‍മോഹന്‍ സിംഗ്

ന്യൂഡല്‍ഹി: റഷ്യ- യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ ലോകക്രം ‘നിയന്ത്രിക്കുന്നതില്‍’ ഇന്ത്യയ്ക്ക് നിര്‍ണ്ണായക പങ്കുണ്ടെന്നും സമാധാനത്തിനായി അഭ്യര്‍ഥിക്കുന്നതോടൊപ്പം പരമാധികാരവും സാമ്പത്തികവുമായ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി ശരിയായ കാര്യം ചെയ്തുവെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു.

ജി 20 ഉച്ചകോടിക്ക് മുന്നോടിയായി ദി ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മന്‍മോഹന്‍ സിംഗ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ആശങ്കയേക്കാള്‍ കൂടുതല്‍ ശുഭാപ്തിവിശ്വാസമുണ്ടെന്നും എന്നാല്‍ ഇന്ത്യ ഒരു യോജിപ്പുള്ള സമൂഹമാകുന്നതില്‍ അനിശ്ചിതത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജി 20യുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഇന്ത്യയുടെ റൊട്ടേഷന്‍ അവസരം തന്റെ ജീവിതകാലത്ത് വന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഡോ. മന്‍മോഹന്‍ സിംഗ് പറഞ്ഞു. വിദേശനയം എക്കാലവും ഇന്ത്യയുടെ ഭരണ ചട്ടക്കൂടിന്റെ പ്രധാന ഘടകമാണ്. എന്നാല്‍ ആഭ്യന്തര രാഷ്ട്രീയത്തിന് മുമ്പത്തേതിനേക്കാള്‍ ഇന്ന് അത് കൂടുതല്‍ പ്രസക്തവും പ്രാധാന്യവുമുണ്ട്. ആഭ്യന്തര രാഷ്ട്രീയത്തില്‍ ലോകത്തില്‍ ഇന്ത്യയുടെ നില ഒരു പ്രശ്‌നമാകേണ്ടതാണെങ്കിലും നയതന്ത്രവും വിദേശനയവും പാര്‍ട്ടിക്കോ വ്യക്തിഗത രാഷ്ട്രീയത്തിനോ വേണ്ടി ഉപയോഗിക്കുന്നതില്‍ സംയമനം പാലിക്കേണ്ടതും ഒരുപോലെ പ്രധാനമാണെന്നും മുന്‍ പ്രധാനമന്ത്രി പറഞ്ഞു.

റഷ്യ- യുക്രെയ്ന്‍ സംഘര്‍ഷത്തിനും പാശ്ചാത്യ രാജ്യങ്ങളും ചൈനയും തമ്മിലുള്ള ഭൗമ- രാഷ്ട്രീയ വിള്ളലിനുശേഷം

അന്താരാഷ്ട്ര ക്രമം വളരെ വ്യത്യസ്തമാണെന്ന് അഭിപ്രായപ്പെട്ട ഡോ. മന്‍മോഹന്‍ സിംഗ് പുതിയ ലോകക്രമത്തെ നയിക്കുന്നതില്‍ ഇന്ത്യയ്ക്ക് നിര്‍ണായക പങ്കുണ്ടെന്നും പറഞ്ഞു. സ്വാതന്ത്ര്യാനന്തരം കെട്ടിപ്പടുത്ത ഭരണഘടനാ മൂല്യങ്ങളുള്ള സമാധാനപരമായ വലിയ ജനാധിപത്യം എന്ന നിലയില്‍ ഇന്ത്യയ്ക്ക് ആഗോളതലത്തില്‍ വലിയ ബഹുമാനം ലഭിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

2005 മുതല്‍ 2015 വരെയുള്ള ദശകത്തില്‍ ഇന്ത്യയുടെ വിദേശ വ്യാപാരം അതിന്റെ ജി ഡി പിയുടെ വിഹിതമായി ഇരട്ടിയായി. ഇത് ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റി. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ആഗോള സമ്പദ്വ്യവസ്ഥയുമായി കൂടുതല്‍ സംയോജിപ്പിച്ചിരിക്കുന്നു എന്നാണ് ഇതിനര്‍ഥം. 2008-ലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത്, നയപരമായ പ്രതികരണങ്ങള്‍ ഏകോപിപ്പിക്കുന്നതിലും ആഗോള സാമ്പത്തിക സുരക്ഷാ വലകള്‍ ശക്തിപ്പെടുത്തുന്നതിലും അന്തര്‍- സര്‍ക്കാര്‍ ഏകോപന പ്രക്രിയയ്ക്ക് തുടക്കമിടുന്നതിലും ജി20 വളരെ നന്നായി പ്രവര്‍ത്തിച്ചു. നിലവില്‍, ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയ്ക്ക് പുതിയ അവസരങ്ങള്‍ തുറക്കും. സംഘര്‍ഷങ്ങളില്‍ കുടുങ്ങാതിരിക്കുകയും രാജ്യങ്ങളിലും പ്രദേശങ്ങളിലും ഉടനീളമുള്ള വ്യാപാര ബന്ധങ്ങളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുകയും ചെയ്യുന്നത് ഇന്ത്യയുടെ സാമ്പത്തിക താത്പര്യങ്ങളാണ്.

രണ്ടോ അതിലധികമോ ശക്തികള്‍ ഒരു സംഘട്ടനത്തില്‍ അകപ്പെടുമ്പോള്‍, കക്ഷികള്‍ തെരഞ്ഞെടുക്കാന്‍ മറ്റ് രാജ്യങ്ങള്‍ക്ക് മേല്‍ വലിയ സമ്മര്‍ദ്ദമുണ്ട്. സമാധാനത്തിന് വേണ്ടി അഭ്യര്‍ഥിക്കുന്നതോടൊപ്പം നമ്മുടെ പരമാധികാരവും സാമ്പത്തികവുമായ താത്പര്യങ്ങള്‍ക്ക് പ്രഥമ സ്ഥാനം നല്‍കുന്നതില്‍ ഇന്ത്യ ശരിയായ കാര്യം ചെയ്തുവെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ഡോ. മന്‍മോഹന്‍ സിംഗ് വ്യക്തമാക്കി. സുരക്ഷയുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനുള്ള വേദിയായി ജി20 ഒരിക്കലും വിഭാവനം ചെയ്തിട്ടില്ല. കാലാവസ്ഥ, അസമത്വം, ആഗോള വ്യാപാരത്തിലെ ആത്മവിശ്വാസം എന്നിവയുടെ വെല്ലുവിളികളെ നേരിടുന്നതിന് സുരക്ഷാ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് നയ ഏകോപനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ജി20യ്ക്ക് പ്രധാനമാണ്.

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് തീരുമാനിച്ചത് നിര്‍ഭാഗ്യകരമാണ്. ഇന്ത്യയുടെ പ്രദേശികവും പരമാധികാരവുമായ അഖണ്ഡത സംരക്ഷിക്കുന്നതിനും ഉഭയകക്ഷി സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും പ്രധാനമന്ത്രി സ്വീകരിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതെന്നും ഡോ. സിംഗ് വ്യക്തമാക്കി.

ഇന്ത്യയുടെ ശാസ്ത്ര സ്ഥാപനം ലോകത്തിലെ ഏറ്റവും മികച്ച ഒന്നാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നതാണ് ചന്ദ്രയാന്‍ മൂന്നിന്റെ വിജയം. ഇത് അഭിമാനകരമാണ്. സമൂഹത്തില്‍ ശാസ്ത്രീയ മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിനും സ്ഥാപനങ്ങള്‍ സൃഷ്ടിക്കുന്നതിനും കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളായി തങ്ങള്‍ നടത്തിയ പരിശ്രമങ്ങള്‍ വളരെ വലുതാണെന്നും ഡോ. മന്‍മോഹന്‍ സിംഗ് പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments